2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ കൊയ്ത് ഇന്ത്യ

 

ചാങ്‌വോണ്‍: ദക്ഷിണ കൊറിയയിലെ ചാങ്‌വോണില്‍ നടക്കുന്ന ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുന്നു.
കഴിഞ്ഞ ദിവസം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യ ഓരോ മെഡലുകള്‍ വീതം സ്വന്തമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം ലഭിച്ചു.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഹൃദയ് ഹസാരിക സ്വര്‍ണം നേടി. 0.1 പോയിന്റിനാണ് താരത്തിന് ലോക റെക്കോര്‍ഡ് നഷ്ടമായത്. ഫൈനലില്‍ ഇറാന്റെ മുഹമ്മദ് അമീറുമായി സമനില പാലിച്ചെങ്കിലും ഷൂട്ടോഫില്‍ ഇന്ത്യയുടെ പതിനാറുകാരന്‍ സ്വര്‍ണം വെടിവച്ചിടുകയായിരുന്നു.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലും ഇന്ത്യയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ ഇളവെനില്‍ വളരിവന്‍, ശ്രേയ അഗര്‍വാള്‍, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. മൂവരും അടങ്ങിയ ടീം 1880.7 പോയിന്റുകളോടെ ലോക റെക്കോര്‍ഡ് ഭേദിച്ചാണ് സ്വര്‍ണം നേടിയത്. അതേസമയം, പുരുഷന്മാരുടെ ടീം ഇനത്തില്‍ ഹസാരിക, ദിവ്യാന്‍ഷ് പന്‍വാര്‍, അര്‍ജുന്‍ ബാബുത എന്നിവരടങ്ങിയ ടീമിന് മെഡല്‍ നേടാനായില്ല.
കഴിഞ്ഞദിവസം ഇന്ത്യയ്ക്കായി സൗരഭ് ചൗധരിയും സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 245.5 പോയിന്റുകളോടെയാണ് സൗരഭ് സ്വര്‍ണം നേടിയത്. കൊറിയയുടെ ലിം ഹോജിന്‍ വെള്ളിയും ഇന്ത്യയുടെതന്നെ അര്‍ജുന്‍ സിങ് ചീമ വെങ്കലവും നേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.