2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ലോക മഹാസംഗമത്തിന് പുണ്യനഗരി ഒരുങ്ങി; ഹാജിമാര്‍ ശനി മുതല്‍ മിനയിലേക്ക്

ഇന്ത്യന്‍ ഹാജിമാരുടെ യാത്ര വൈകീട്ടോടെ

 

അബ്ദുസ്സലാം കൂടരഞ്ഞി

 

മക്ക: ലോകത്തിന്റെ അഷ്ടദിക്കുകളില്‍ ഹജ്ജിനെത്തിയ പരസഹസ്രം വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാന്‍ പുണ്യ നഗരി സജ്ജമായി. അലാഹുവിന്റെ അതിഥികളായി പുണ്യ നഗരിയിലേക്ക് ഒഴുകിയെത്തിയ തീര്‍ത്ഥാടക സംഗമത്തിന് സാക്ഷിയാകാന്‍ വിശുദ്ധ നഗരിയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഞായറാഴ്ചയാണ് തുടക്കം കുറിക്കുകയെങ്കിലും ആദ്യ ഘട്ടമായ മിനയിലേക്കുള്ള പ്രയാണം നാളെ (ശനി)യോടെ ആരംഭിക്കും. തിരക്കൊഴിവാക്കാന്‍ വിവിധ രാജ്യങ്ങള്‍ക്ക് സമയക്രമീകരണം നല്‍കിയിട്ടുണ്ട്.

തിരക്ക് പരിഗണിച്ചു ഇന്ത്യന്‍ ഹാജിമാരുടെ മിനാ യാത്ര നാളെ വൈകീട്ടോടെ ആരംഭിക്കും. തമ്പുകളുടെ നഗരിയായ മിനയിലേക്ക് പുറപ്പെടാന്‍ സജ്ജമാകാനുള്ള നിര്‍ദേശം ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നല്‍കിക്കഴിഞ്ഞു.

ഇന്നലെയോടെ ഇന്ത്യന്‍ ഹാജിമാര്‍ക്ക് വേണ്ട അവസാന നിര്‍ദേശ പരിശീലന ക്ലാസ്സുകള്‍ നടത്തി.നാളെ ഉച്ചയോടെ ആരംഭിക്കുന്ന യാത്ര ഞായറാഴ്ചയും തുടരും. ഞായറാഴ്ച മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ തുങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അറഫയിലേക്ക് യാത്രയാകും. തിങ്കളാഴ്ചയാണ് ലോക മഹാ സംഗമമായ അറഫാ ദിനം.

ഇന്ത്യന്‍ ഹാജിമാര്‍ക്ക് കിംഗ് അബ്ദുല്ല റോഡിനു സമീപമാണ് പ്രധാന ടെന്റുകള്‍ അനുവദിച്ചിരിക്കുന്നത്. പ്രധാനമായും രണ്ടു മെട്രോ സ്റ്റേഷനുകള്‍ ഇവിടെയാണ് നിലകൊള്ളുന്നത്. മാത്രമല്ല, ജംറക്ക് സമീപം അല്‍ഖൈഫ് മസ്ജിദിനു സമീപവുമാണ് ഇത് ഇന്ത്യന്‍ ഹാജിമാര്‍ക്ക് ആശ്വാസമായിരിക്കും.

മിനായില്‍ ഹാജിമാരെ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഒരു ഡസനിലധികം വകുപ്പുകള്‍ക്ക് കീഴിലാണ് മിന, അറഫ , മുസ്ദലിഫ എന്നിവിടങ്ങളിളില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍, റോഡ് നവീകരണം, തമ്പുകളിലെ എയര്‍ കണ്ടീഷണറുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവപൂര്‍ണ്ണമായിട്ടുണ്ട്. മക്കയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന മിനായില്‍ ഒരു ലക്ഷത്തിലധികം തമ്പുകളാണുള്ളത്.

തീപിടിക്കാത്ത അത്യാധുനിക സൗകര്യങ്ങളോടെയുള്ള തമ്പുകളില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ അറ്റകുറ്റപ്പണികള്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിരുന്നു. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ മുഴുവന്‍ തമ്പുകളിലും വെള്ളം സ്‌പ്രേ ചെയ്തും മറ്റും ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കും. മിനായില്‍ മെഡിക്കല്‍ ക്ലിനിക്കുകളും, ആശുപത്രികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.