2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പി.വി സിന്ധു, കിഡംബി ശ്രീകാന്ത്,

സായ് പ്രണീത് മൂന്നാം റൗണ്ടില്‍

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരം ഫിട്രിയാനിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായി പുസര്‍ള വി. സിന്ധു വനിതാ സിംഗിള്‍സില്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു.
35 മിനുട്ട് നീണ്ട മത്സരത്തില്‍ 21-14, 21-9 എന്ന സ്‌കോറിന് ഇന്തോനേഷ്യന്‍ താരത്തെ സിന്ധു അനായാസം മറികടന്നു. നാളെ നടക്കുന്ന മത്സരത്തില്‍ കൊറിയയുടെ സങ്ജി ഹ്യൂന്‍ ആണ് സിന്ധുവിന്റെ എതിരാളി.
പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും സായ് പ്രനീതും ജയിച്ചപ്പോള്‍ സമീര്‍ വര്‍മയും പ്രമോയ് എച്ച്.എസും പരാജയപ്പെട്ടു.
ശ്രീകാന്ത് സ്‌പെയിനിന്റെ പാബ്ലോ അബിയാനെയാണ് മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. 21-15 എന്ന സ്‌കോറിന് ആദ്യ സെറ്റ് കൈക്കലാക്കിയ ശ്രീകാന്ത് രണ്ടാം സെറ്റില്‍ 12-21ന് അടിയറവ് പറഞ്ഞു. മൂന്നാം സെറ്റില്‍ 21-14 എന്ന സ്‌കോറിന് ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ശ്രീകാന്ത് മൂന്നാം റൗണ്ടിലേക്ക് കയറിയത്. നാളെ നടക്കുന്ന മത്സരത്തില്‍ ശ്രീകാന്ത് മലേഷ്യയുടെ ഡാരെന്‍ ല്യൂവിനെ നേരിടും. സ്‌പെയിനിന്റെ തന്നെ ലൂയിസ് എന്റ്‌റികെ പെനാള്‍വറിനെ പരാജയപ്പെടുത്തിയാണ് സായ് പ്രണീത് മൂന്നാം റൗണ്ടിലേക്ക് കയറിയത്. 21-18, 21-11 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. നാളത്തെ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം വിറ്റിന്‍ഗസാണ് സായ് പ്രണീതിന്റെ എതിരാളി. ആദ്യ സെറ്റ് 21-8ന് നേടിയ ശേഷം പിന്നീടുള്ള രണ്ട് സെറ്റുകളില്‍ 16-21, 15-21 എന്നീ സ്‌കോറുകള്‍ക്ക് ബ്രസീലിയന്‍ താരം കൊയിലോയോട് പരാജയപ്പെട്ടാണ് പ്രണോയ് മടങ്ങിയത്. ചൈനീസ് താരം ലിന്‍ഡാനിനോട് പരാജയപ്പെട്ടാണ് സമീര്‍ വര്‍മയുടെ മടക്കം. 21-17, 21-14 സ്‌കോറിനാണ് ലിന്‍ ഡാന്‍ വിജയിച്ചത്.
വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ – സിക്കി റെഢി കൂട്ടുകെട്ടും പുറത്തായി. ജപ്പാന്‍ താരങ്ങളായ യുകി ഫുകുഷിമ – സയക ഹിറോട്ട എന്നീ സഖ്യത്തോട് 14-21, 15-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വി.
പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ ചിരാഗ് ഷെട്ടി – സാത്വിക് സായിരാജ് ഡെന്മാര്‍ക്കിന്റെ കിം ആസ്ട്രപ് – ആന്‍ഡേര്‍സ് റസ്മുസെന്‍ കൂട്ടുകെട്ടിനോട് പരാജയപ്പെട്ടു. 18 -21, 21-15, 21-16 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജോഡി മത്സരത്തില്‍ പിന്നോട്ട് പോയത്. മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ ജോഡികളായ അട്രി മനു – റെഢി ബി സുമീത്ത് സഖ്യം ജപ്പാന്റെ തകുടോ ഇനോയ് – യൂഗി കനീക്കോ കൂട്ടുകെട്ടിനോട് 22-24, 21-13, 21-16 എന്ന സ്‌കോറിന് പരാജയപ്പെട്ട് പുറത്തായി.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.