2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ലോക പുസ്തക ദിനത്തിലെ ഓര്‍മപ്പെടുത്തല്‍

ഏപ്രില്‍ 23 വീണ്ടുമൊരു ലോക പുസ്തകദിനം എത്തിക്കഴിഞ്ഞു. മഷി പുരണ്ട അക്ഷരങ്ങളെ പ്രണയിച്ച പുസ്തകപ്രേമികള്‍ക്ക് പ്രിയപ്പെട്ട ദിനമാണിത്. കൂടാതെ കടലാസു കഷ്ണങ്ങളില്‍ തെറിച്ച അക്ഷരങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് തെളിയിച്ച മഹാപ്രതിഭകളെ ലോകം ഓര്‍ക്കുന്ന അവസരം കൂടിയാണിത്. അച്ചടിച്ച കടലാസുകളിലെ വായന ഇലക്ട്രോണിക് സ്‌ക്രീനുകളിലേക്ക് എത്തിയെങ്കിലും പുസ്തകങ്ങളുടേയും പകര്‍പ്പവകാശത്തിന്റേയും ദിനത്തിന് പ്രസക്തി ഒട്ടും ചോരുന്നില്ല. പുസ്തകങ്ങളെ മറക്കുമ്പോള്‍ ഒരു സംസ്‌കാരത്തെയാണ് മറക്കുന്നത് എന്നു നാം പറയാറുണ്ട്. സംസ്‌ക്കാരത്തിന്റെ മാത്രമല്ല ഒരു വ്യക്തിയുടെ, ഒരു കാലഘട്ടത്തിന്റെ, പ്രകൃതിയുടെ മുഴുവന്‍ സന്ദേശങ്ങളാണ് പുസ്തകത്തിലൂടെ ഓരോ വായന പ്രേമിയിലും എത്തുന്നത്.

ഇനിയല്‍പം ചരിത്രത്തിലേക്ക് കടക്കാം. ലോക പുസ്തക ദിനം എന്ന ആശയത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് സ്‌പെയിനിലെ പുസ്തക കച്ചവടക്കാരാണ്. ഏപ്രില്‍ 23 നെ അവര്‍ പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. പ്രശസ്ത എഴുത്തുകാരനായ മിഖായേല്‍ ഡി സെര്‍വാന്റസിന്റെ ചരമദിവസമാണ് ഏപ്രില്‍ 23. ആ മേഖലയില്‍ സെന്റ് ജോര്‍ജ് ദിനാഘോഷത്തിന്റെ ഭാഗമായി ഇത് മാറി. മദ്ധ്യകാലം തൊട്ട് സെന്റ് ജോര്‍ജ് ദിനത്തില്‍ ഒരാചാരമായി പുരുഷന്മാര്‍ കാമുകിമാര്‍ക്ക് റോസാപുഷ്പം നല്കുമായിരുന്നു. 1925 മുതല്‍ സ്ത്രീകള്‍ പകരം പുസ്തകം നല്കുക പതിവായി. കാറ്റലോണിയയില്‍ പുസ്തകങ്ങളുടെ ഒരു വര്‍ഷത്തെ വില്പനയില്‍ പകുതിയും ആ സമയത്താണ് നടക്കാറ്. ്ഈ ദിവസം നാലു ലക്ഷത്തിലധികം പുസ്തകങ്ങള്‍ വില്ക്കുകയും നാല്പത് ലക്ഷം റോസാ പൂക്കള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും.പിന്നീട് മറ്റ് രാജ്യങ്ങളും ഏപ്രില്‍ 23 നെ പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പിന്നിടും തോറും പുസ്തദിനം ആചരിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടി കൂടി വന്നു. വൈകാതെ ഏപ്രില്‍ 23 എന്ന ദിനം ലോക പുസ്തകദിനമായി വളര്‍ന്നു വന്നു.

പിന്നീട് 1995 ല്‍ യുനസ്‌കോ ഏപ്രില്‍ 23 ലോക പുസ്തദിനമായി പ്രഖ്യാപിച്ചു. വില്യം ഷേക്‌സ്പിയര്‍, മിഖായേല്‍ ഡി സെര്‍വാന്റസ്, ഇന്‍കാ ഗാര്‍സിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമദിനമായതിനാലാണ് യുനസ്‌കോ ഏപ്രില്‍ 23 പുസ്തകദിനമാക്കാന്‍ തീരുമാനിച്ചത്.

ഇനി യുനസ്‌കൊ ഏപ്രില്‍ 23 പുസ്തദിനമാക്കാന്‍ കാരണമായ മൂന്ന് മഹാ പ്രതിഭകളെ പരിചയപ്പെടാം

ഡോണ്‍ മിഗ്വെല്‍ ഡി സെര്‍വാന്റസ്

copy 1

ദ പ്രിന്‍സ് ഓഫ് വിറ്റ്‌സ് (രസികന്‍മാരുടെ രാജകുമാരന്‍) എന്നറിയപ്പെടുന്ന സെര്‍വാന്റസ് സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു. കൂടാതെ സ്‌പെയിനിന്റെ ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15ാം നൂറ്റാണ്ടിലെ സാംസ്‌ക്കാരിക വിപ്ലവത്തിന്റെ നായകന്‍ കൂടിയായിരുന്നു ഇദ്ദേഹം. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളില്‍ ആദ്യത്തേതായി കരുതപ്പെടുന്ന ഡോണ്‍ ക്വിക്‌സോട്ട് ഡെ ലാ മാഞ്ചാ എന്ന കൃതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം. എഴുതപ്പെട്ടതില്‍ ഏറ്റവും ഉദാത്തമായ സാങ്കല്‍പ്പികകഥകളില്‍ ഒന്നായി ഇത് കരുതപ്പെടുന്നു. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഈ പുസ്തകത്തിന്റെ പ്രതികള്‍ പതിവായി അച്ചടിക്കുന്നു. 18ാം നൂറ്റാണ്ടുവരെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപക സംവാദങ്ങള്‍ നടന്നിരുന്നു.

വില്യം ഷേക്‌സ്പിയര്‍

copy31564 ഏപ്രില്‍ 23ന് ഇംഗ്ലണ്ടില്‍ വാര്‍വിക്ഷയര്‍ നഗരത്തിലുള്ള സ്ട്രാറ്റ്‌ഫോര്‍ഡ്അപോണ്‍ ഏവോണില്‍ ജോണ്‍ ഷേക്‌സ്പിയറിന്റെയും മേരി ആര്‍ഡന്റെയും എട്ടുമക്കളില്‍ മൂന്നാമനായിട്ടാണ് വില്യം ഷേക്‌സ്പിയര്‍ എന്ന മഹാപ്രതിഭയുടെ ജനനം. ജീവിതത്തിന്റെ ദുരന്തവും സൗഭാഗ്യങ്ങളും അതിന്റെ അഗാധതയില്‍ തിരിച്ചറിഞ്ഞ വിശ്വമഹാകവിയായിരുന്നു ഷേക്‌സ്പിയര്‍. തന്റെ ദുരന്ത ശുഭാന്ത ചരിത്ര നാടകങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതമാണ് അദ്ദേഹം വരച്ചുകാട്ടിയത്. ലോകത്തിന് നേരേ പിടിച്ച ഒരു കണ്ണാടിയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. മനുഷ്യന്റെ വ്യക്തിപരവും സാമൂഹ്യപരവും ചരിത്രപരവുമായ ജീവിതം അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞപ്പോള്‍ അത് സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന രചനകളായി മാറി.

സാഹിത്യചരിത്രകാരന്മാര്‍ ഷേക്‌സ്പിയറുടെ നാടകങ്ങളെ നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ കാലഘട്ടത്തില്‍ ( 1590-1594) കോമഡി, ഹിസ്റ്ററി, ട്രാജഡി എന്നീ വിഭാഗത്തില്‍പ്പെട്ട നാടകങ്ങള്‍ രചിക്കപ്പെട്ടു. ആദ്യഘട്ടത്തില്‍ അദ്ദേഹം റോമന്‍,ഇറ്റാലിയന്‍ മാതൃകകളില്‍ നിന്നും പ്രചോദനങ്ങള്‍കൊണ്ട് ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാമത്തെ ഘട്ടത്തില്‍ (1595-1600) ചരിത്ര നാടകത്തെയും പൂര്‍ണതയിലേക്ക് ഉയര്‍ത്തി. രണ്ടാം ഘട്ടം ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ് ‘റോമിയോ ആന്റ് ജൂലിയറ്റും’ ‘ജൂലിയസ് സീസറും.’ മൂന്നാമത്തെ കാലഘട്ടത്തിലാണ് ( 1601-1608) അദ്ദേഹം ലോകോത്തര ദുരന്ത നാടകങ്ങളായ ഹാംലെറ്റ്, ഒഥല്ലോ, കിങ് ലിയര്‍ , ആന്റണി ആന്റ് ക്ലിയോപാട്ര, കൊറിയോലനസ് എന്നിവ എഴുതിയത്. അവസാന കാലഘട്ടത്തില്‍ (1609 1613) അദ്ദേഹം ശുഭാന്ത ദുരന്ത മിശ്രിതമായ കാല്‍പ്പനികങ്ങള്‍ എന്നു വിളിക്കുന്ന ട്രാജികോമഡികള്‍ എഴുതി. സിംബെലിന്‍, വിന്റേഴ്‌സ് ടെയില്‍, ദ ടെംപസ്റ്റ് എന്നീ മൂന്ന് ട്രാജി കോമഡികളും ഹെന്‍ട്രി എട്ടാമന്‍ എന്ന ചരിത്രനാടകവും ഉള്‍പ്പടെ നാല് നാടകങ്ങളാണ് ഈ കാലഘട്ടത്തില്‍ എഴുതിയത്.
1616 ഏപ്രില്‍ 23ന് തന്റെ 52ാം പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹം മരിച്ചത്. ലോകത്തില്‍ ഏറ്റവും കൂടൂതല്‍ പഠിക്കപ്പടുകയും വായിക്കപ്പെടുകയും ചെയ്യുന്ന കൃതികളാണ് ഷേക്‌സ്പിയറിന്റേത്.
ഇന്‍കാ ഗാര്‍സിലാസോ ഡി ലാവേഗ

Inc_Garcilaso_de_la_Vega

സ്പാനിഷ് ഇതിഹാസ ലേഖകനാണ് ഡി ലാവേഗ. അദ്ദേഹത്തിന്റെ രചനകള്‍ ജനസ്വാധീനമുള്ളതും നല്ല സ്വീകാര്യതയുള്ളതുമായിരുന്നു. സാഹിത്യപ്രാധാന്യമുള്ള കൃതികള്‍ കൂടെ ആയിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെല്ലാം വ്യത്യസ്ഥമായിരുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ചരിത്രത്തെ നോക്കികാണുവാന്‍ അദ്ദേഹം ശ്രമിച്ചു. ദി ഫ്‌ലോറിഡ ഓഫ് ദി ഇന്‍ക(1605), ദി റോയല്‍ കമന്റേറ്ററീസ് ഓഫ് ദി ഇന്‍ക(1609), ദി ജനറല്‍ ഹിസ്റ്ററി ഓഫ് പെറു(1617) എന്നിവയെല്ലാമാണ ഡി ലാവേഗയുടെ പ്രധാന കൃതികള്‍. 1616 ഏപ്രില്‍ 23 നാണ് ഡി ലാവേഗ അന്തരിച്ചത്.

ഇവരുടെ മാത്രമല്ല ഒട്ടനവധി പ്രതിഭാശാലികളുടെ സംഭാവനകള്‍ ലോകമൊട്ടുക്കുമുള്ള പുസ്തക പ്രേമികള്‍ ഇന്നും വായിക്കുന്നു. അറിവ് നേടുന്നു. എത്ര പുതിയ ടെക്‌നോളജികള്‍ വന്നാലും ഇവയെല്ലാം പുസ്തകത്തിലൂടെ മനസിലുറപ്പിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം അത് വേറെതന്നെയാണ്.ഈ- ലോകത്തെ വായന നല്‍കുന്ന ആനന്ദത്തിന്റെ പത്തിരട്ടി പൂര്‍ണതയാണ് പുസ്തങ്ങളില്‍ നിന്നും ലഭിക്കുന്നത്. അത് പുസതക പ്രേമികള്‍ക്കു മാത്രം അനുഭവേദ്യമായ കാര്യമായിരിക്കും.മാത്രമല്ല ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.