2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ലോക കേരളസഭയ്ക്ക് പ്രൗഢ തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ണ്ടക്കുണ്ടമായി ലോകമൊട്ടാകെയുള്ള പ്രവാസികളെയാകെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. രാജ്യത്തിനകത്തും പുറത്തുമുള്ള 351 പ്രതിനിധികള്‍ പങ്കെടുക്കുന്ന സഭയുടെ സമ്മേളനം നിയമസഭാ മന്ദിരത്തിലെ പ്രത്യേക വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ദേശീയഗാനാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
സഭാ സെക്രട്ടറി ജനറല്‍ പോള്‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് അദ്ദേഹം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപനേതാവ് രമേശ് ചെന്നിത്തല എന്നിവരെ പ്രസീഡിയത്തിന്റെ നേതൃത്വത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭാനടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി.
പ്രസീഡിയത്തിലേക്ക് തിരഞ്ഞെടുത്ത ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ആന്റോ ആന്റണി എം.പി, എം.എ യൂസഫലി, എം.അനിരുദ്ധന്‍, സി.പി ഹരിദാസ്, രേവതി എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചതോടെ സഭ നടപടിക്രമത്തിലേക്ക് പ്രവേശിച്ചു. കേരളം ലോകത്തിന് നല്‍കിയ പലമാതൃകകളില്‍ ഏറെ സവിശേഷമാണ് ലോക കേരളസഭാ രൂപീകരണമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സര്‍ക്കാരിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കര്‍ അഭിനന്ദിച്ചു.
തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. ഇതിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കൂര്യന്‍, മുന്‍മുഖ്യമന്ത്രി വി.എസ്അച്യുതാനന്ദന്‍, എം.എ യൂസഫലി, രവി പിള്ള, സി.കെ മേനോന്‍, ആസാദ് മൂപ്പന്‍, കെ.പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവര്‍ അവതരിപ്പിച്ചു.
മറ്റു പ്രവാസ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും സംസാരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടന്നു. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ മേഖലാ ചര്‍ച്ചകളുടെ അവതരണം നടന്നു. വൈകിട്ട് സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
ലോക കേരളസഭയുടെ രണ്ടാം ദിവസമായ ഇന്ന് വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മേഖലാ സമ്മേളനങ്ങള്‍ നടക്കും.
വിവിധ വേദികളില്‍ ധനകാര്യം, വ്യവസായം,വിവരസാങ്കേതിക വിദ്യ-നവ സാങ്കേതിക വിദ്യകള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍: പ്രവാസത്തിനു മുന്‍പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മേളനങ്ങള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.