
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്കപ്പുകളുള്ള എല്ലാ പൊലിസ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറകള്‍ നിര്‍ബന്ധമാക്കി. രണ്ട് ദിവസത്തിനുള്ളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് നിര്‍ദേശം നല്‍കിയത്. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലിസ് മേധാവിയുടെ അടിയന്തര നിര്‍ദേശം.
സംസ്ഥാനത്തെ 471 സ്റ്റേഷനുകളിലാണ് ലോക്കപ്പുകള്‍ ഉള്ളത്. ഇതില്‍ 110 സ്റ്റേഷനുകളില്‍ നേരത്തെതന്നെ കാമറകള്‍ സ്ഥാപിച്ചിരുന്നു. ബാക്കിയുള്ളവയിലാണ് രണ്ടുദിവസത്തിനുള്ളില്‍ കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.
കാമറകള്‍ പൊലിസ് സ്റ്റേഷനിലെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കും. ഇത് ആഴ്ചയിലൊരിക്കല്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നേരിട്ട് പരിശോധിക്കും. ഇതിലൂടെ സ്റ്റേഷനിലെ മര്‍ദനവും മോശം പെരുമാറ്റവും കൈക്കൂലിയുമെല്ലാം നിയന്ത്രിക്കാനാവുമെന്നാണ് പൊലിസ് മേധാവിയുടെ കണക്കുകൂട്ടല്‍.
സാങ്കേതിക നടപടികള്‍ മൂലമുള്ള കാലതാമസം ഒഴിവാക്കാനായി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് ലോക്കല്‍ പര്‍ച്ചേസിലൂടെ കാമറ വാങ്ങി സ്ഥാപിക്കാനും പിന്നീട് ഡി.ജി.പിയുടെ ഫണ്ടില്‍നിന്ന് പണം തിരികെ നല്‍കാമെന്നും ഉത്തരവില്‍ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്.