2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ലോകത്തിലെ പട്ടിണി നിരക്ക് വര്‍ധിക്കുന്നുവെന്ന് യു.എന്‍

 

ജനീവ: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തിലെ പട്ടിണി നിരക്ക് വര്‍ധിക്കുന്നുവെന്ന് യു.എന്‍ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും സംഘര്‍ഷങ്ങളുമാണ് പട്ടിണിനിരക്ക് വര്‍ധിക്കാനുള്ള കാരണങ്ങളെന്നു യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 ഓടെ ലോകത്തു നിന്ന് പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പട്ടിണിയില്ലാതാക്കുകയെന്ന ലക്ഷ്യത്തെക്കുറിച്ചു പ്രതീക്ഷ വേണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2015ല്‍ ആണ് യു.എന്‍ അംഗ രാജ്യങ്ങള്‍ ഇതുസംബന്ധിച്ച ലക്ഷ്യങ്ങള്‍ തയാറാക്കിയത്. അതുവരെ പത്തു വര്‍ഷത്തോളം പട്ടിണി കുറഞ്ഞിരുന്നെങ്കിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പട്ടിണി നിരക്ക് വര്‍ധിക്കുന്നത്. ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും മിക്ക പ്രദേശങ്ങളിലും പട്ടിണി നിരക്ക് വര്‍ധിക്കുകയാണ്. 2017ല്‍ ഇവിടെ ആകെയുള്ള 82.1 കോടി ജനങ്ങളില്‍ ഒന്‍പതു പേര്‍ക്ക് ഒരാളെന്ന നിരക്കില്‍ പട്ടിണിയാണെന്നാണ് സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രിഷന്‍ ഇന്‍ ദ വേള്‍ഡ് 2018 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്
വന്‍തോതിലുള്ള താപനില വ്യതിയാനം, പേമാരി, കാലാവസ്ഥ വ്യതിയാനം എന്നിവ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തെയും ലഭ്യതയെയും ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടിന്റെ എഡിറ്റര്‍ സിന്‍ഡി ഹോള്‍മാന്‍ പറഞ്ഞു.
എന്നാല്‍ ലോകത്താകെ 67.2 കോടി മുതിര്‍ന്നവര്‍ പൊണ്ണത്തടിയന്മാരാണെന്നാണ് റിപ്പോര്‍ട്ട്. അതായത് എട്ടുപേരില്‍ ഒന്നിലധികം പേര്‍ക്ക് പൊണ്ണത്തടിയുണ്ട്.
2017ല്‍ അന്‍പത്തിയൊന്നു രാജ്യങ്ങളിലെ 12.4 കോടി ജനങ്ങള്‍ കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം പട്ടിണിയിലായി. പല രാജ്യങ്ങളും ഇപ്പോഴും തുടരുന്ന കലാപങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നു. സംഘര്‍ഷങ്ങള്‍ തുടരുന്ന യമന്‍, സൊമാലിയ, സൗത്ത് സുദാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കലാവസ്ഥ ദുരന്തങ്ങളും തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.