2019 February 21 Thursday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ലോകകപ്പ് ആരവമടങ്ങിയാലും ആരാധകര്‍ തീര്‍ത്ത ഫഌക്‌സ് ദുരന്തം ബാക്കിയാവും

ഫഖ്‌റുദ്ദീന്‍ നിസാമി

പൊന്നാനി: ലോകകപ്പിനെ വരവേല്‍ക്കാന്‍ നാടെങ്ങും ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡുകള്‍ പരിസ്ഥിതിയെ ക്രൂരമായി മുറിവേല്‍പ്പിക്കുന്നു. ലോകകപ്പിന്റെ ആവേശം പല രാജ്യങ്ങളിലും പല രൂപത്തിലാണെങ്കിലും കേരളത്തിലേതുപോലെ ഫഌക്‌സ് ബോര്‍ഡുകളില്‍ മുങ്ങിത്താഴുന്ന കാഴ്ച മറ്റൊരിടത്തുമില്ല.
ഓരോ ടീമിന്റെയും ആരാധകര്‍ തമ്മില്‍ കൂറ്റന്‍ ഫഌക്‌സുകള്‍ സ്ഥാപിക്കുന്നതിലാണ് മത്സരം. ഓരോ ലോകകപ്പ് സീസണും ചരിത്രപരമാണെന്ന് ആരാധകരും നിര്‍ണായകമെന്ന് മാധ്യമങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ആവേശം പൊടിപാറും. ഫഌക്‌സുകള്‍ കൂടിക്കൊണ്ടേയിരിക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന വന്‍ദുരന്തത്തെക്കുറിച്ച് ആരും ഗൗരവമായി ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം.
ഫഌക്‌സിന് പ്രധാനമായും ഉപയോഗിക്കുന്നത് എളുപ്പത്തില്‍ നശിച്ചുപോകാത്ത പ്ലാസ്റ്റിക് ആണ്. പുനരുപയോഗിക്കാന്‍ സംവിധാനവും ഇല്ല. കേരളത്തില്‍ ഒരു നഗരത്തിലും ഗ്രാമത്തിലും ഖരമാലിന്യ നിര്‍മാജര്‍നത്തിന് ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ല.
ലോകകപ്പ് ആരവമുയര്‍ത്തുന്ന ഫഌക്‌സ് ബോര്‍ഡുകളിലേറെയും വഴിയോരങ്ങളിലും മരത്തിലും വൈദ്യുതിത്തൂണുകളിലുമൊക്കെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് വഴിയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും സുരക്ഷാഭീഷണിയാവാറുണ്ട്.
ഫഌക്‌സ് നിരോധിച്ചുകൊണ്ട് ദേശീയ ഹരിതകോടതി ഉത്തരവുണ്ടെങ്കിലും സംസ്ഥാനത്ത് റിപ്പോര്‍ട്ടുകളനുസരിച്ച് 1500ലധികം ഫഌക്‌സ് നിര്‍മാണ യൂണിറ്റുകളുണ്ടെന്നാണ് കണക്ക്. 2015 ഡിസംബര്‍ 27ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് (ജി.ഒ 31852015) സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഫഌക്‌സ് നിരോധനം നടപ്പിലാക്കിയെങ്കിലും വേണ്ടത്ര ഫലമില്ലെന്നതാണ്. പി.വി.സി ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് പകരം വിഷജന്യമല്ലാത്തതും ദ്രവിക്കുന്നതുമായ പോളിത്തീന്‍ വസ്തുക്കള്‍ ഉപയോഗിക്കണം എന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ശുചിത്വ മിഷന്‍, സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡ്, ക്ലീന്‍കേരള എന്നിവയുടെ പരിശോധനയില്‍ പോളിത്തീന്‍ പരിസ്ഥിതി സൗഹൃദപരവും പി.വി.സി ഫഌക്‌സിന് ബദലായും ഉപയോഗിക്കാം എന്നും വ്യക്തമായിരുന്നു.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ 2016 ഡിസംബര്‍ 22ലെ ഉത്തരവനുസരിച്ച് ഹ്രസ്വകാല പി.വി.സി, ക്ലോറിനേറ്റഡ് പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ആറ് മാസത്തിനകം ഉചിതമായ നടപടി കൈക്കൊള്ളാന്‍ വനം, പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയങ്ങളോടും സംസ്ഥാന ഗവണ്‍മെന്റുകളോടും നിര്‍ദേശിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.