2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ലോകകപ്പിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഭാവി: ലയണല്‍ മെസ്സി

മോസ്‌ക്കോ: കാല്‍പന്തിനൊപ്പം സഞ്ചരിക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു. രണ്ട് നാള്‍ കഴിഞ്ഞാല്‍ റഷ്യയില്‍ 21ാം ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് കിക്കോഫ്.
ഈ ലോകകപ്പിനെത്തുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം അനുഭവിക്കുന്നതാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ള. അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി. കഴിഞ്ഞ തവണ ഫൈനലിലെത്തി കിരീടം കൈവിടേണ്ടി വന്ന മെസ്സിക്ക് രണ്ട് കോപ്പാ അമേരിക്ക ഫൈനലുകളിലെ തോല്‍വിയും അറിയേണ്ടി വന്നു. വര്‍ത്തമാന ഫുട്‌ബോള്‍ ലോകത്ത് ഒരു താരത്തിന് ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നിട്ടില്ല. ഫൈനലുകളിലെ തുടര്‍ തോല്‍വിയില്‍ മനം നൊന്ത് 2016ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ വരെ മെസ്സി തീരുമാനിക്കുന്നതിലേക്കെത്തി കാര്യങ്ങള്‍. ഒടുവില്‍ ലോകം മുഴുവന്‍ ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം വീണ്ടും അര്‍ജന്റീന കുപ്പായം അണിഞ്ഞത്. ഇത്തവണ മുള്‍മുനയില്‍ നില്‍ക്കേ അവസാന ഘട്ടത്തിലാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത പോലും നേടിയത്. ഇക്വഡോറിനെതിരായ അവസാന യോഗ്യതാ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ടീമിനെ ഹാട്രിക്ക് ഗോളുകള്‍ നേടി ലിയോ ഏതാണ്ട് ഒറ്റയ്ക്ക് ലോകകപ്പ് യോഗ്യത എന്ന കടമ്പ കടത്തുകയായിരുന്നു.
ഈ ലോകകപ്പില്‍ അര്‍ജന്റീന ഫേവറിറ്റുകളല്ല എന്ന് മെസ്സി തുറന്ന് പറഞ്ഞു. ലോകപ്പിലെ ടീമിന്റെ കളിക്കനുസരിച്ചായിരിക്കും തന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കുകയെന്ന് മെസ്സി പറയുന്നു. ടീം എത്ര ദൂരം പോകും ഫൈനലിലെത്തുമോ എത്തിയാല്‍ തന്നെ എങ്ങനെയായിരിക്കും ഫലം എന്നിവ ആശ്രയിച്ചിരിക്കും ഭാവി സംബന്ധിച്ച തീരുമാനം. തുടര്‍ച്ചയായി മൂന്ന് ഫൈനലുകള്‍ തോറ്റവരാണ് ഞങ്ങള്‍. ഈ തോല്‍വികളെ തുടര്‍ന്ന് മാധ്യമങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ മൂന്ന് ഫൈനലുകളില്‍ എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പുറത്ത് വന്നത്. സംഘ ബോധത്തോടെ കളിക്കുന്ന ടീമുകളും വ്യക്തിഗത പ്രകടനത്തിന് മുന്‍തൂക്കം നല്‍കി കളിക്കുന്ന താരങ്ങളുമടങ്ങിയ വ്യത്യസ്ത ടീമുകള്‍ റഷ്യയില്‍ കളിക്കാനിറങ്ങുന്നുണ്ട്. നല്ല ആത്മവിശ്വാസത്തോടെയാണ് മിക്ക ടീമുകളും കളിക്കാനിറങ്ങുന്നതെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. സ്‌പെയിനില്‍ നിന്ന് റഷ്യയിലേക്ക് യാത്ര തിരിക്കും മുന്‍പ് ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സിയുടെ പ്രതികരണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.