2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ലോകകപ്പിന് നാളെ കിക്കോഫ്

മോസ്‌കോ: 21-ാമത് ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തിന് നാളെ റഷ്യയില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 8.30ന് ആതിഥേയരായ റഷ്യയും സഊദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം. മോസ്‌കോ സിറ്റി സെന്ററില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള ലുസിങ്കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക.
ആദ്യ മത്സരത്തിന് മുന്‍പ് ഉദ്ഘാടന പരിപാടികള്‍ നടക്കും. മറഡോണ, പെലെ ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍, രാഷ്ട്രീയ, കലാ, സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിനായി ലുസിങ്കി സ്റ്റേഡിയത്തിലെത്തും. ഉദ്ഘാടനത്തിനായി റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ വിവിധ രാഷ്ട്രത്തലവന്‍മാരെ റഷ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 32 ടീമുകളാണ് 12 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 65 മത്സരങ്ങള്‍ക്ക് ശേഷം ജൂലൈ 15ന് പുതിയ ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ ആരെന്ന് തീരുമാനിക്കും.
ലോകകപ്പ് മാമാങ്കത്തില്‍ പങ്കെടുക്കുന്ന കുഞ്ഞന്‍മാരായ ഐസ്‌ലന്റ് മുതല്‍ കരുത്തരായ ബ്രസീലും അര്‍ജന്റീനയും വരെ കപ്പില്‍ നോട്ടമിട്ടാണ് റഷ്യയിലെത്തിയിട്ടുള്ളത്. അങ്കത്തില്‍ പങ്കെടുക്കുന്ന 32 ടീമുകള്‍ക്കും ഒരേ സ്വപ്‌നമാണുള്ളത്.
ലോകം കാത്തിരിക്കുന്നത് ജൂലൈ 15ലെ പുതിയ ചാംപ്യന്മാരെയാണ്. ജൂണ്‍ 5 മുതല്‍ റഷ്യയില്‍ ടീമുകള്‍ എത്തിത്തുടങ്ങിയിരുന്നു. ഇറാനായിരുന്നു റഷ്യയില്‍ ആദ്യമായെത്തിയ ടീം. മത്സരത്തിന്റെ ആവേശത്തിലേക്കും മത്സരച്ചൂടിലേക്കുമാണ് ഓരോ ടീമും പറന്നിറങ്ങിയത്. രാജ്യത്തെത്തുന്ന ഫുട്‌ബോള്‍ ടീമുകളെ സ്വാഗതം ചെയ്യാന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ വിഡിയോയും പുറത്തിറക്കി. ഈജിപ്ത് ഗോള്‍ കീപ്പര്‍ 45 കാരനായ എസ്സാം അല്‍ ഹദാരി മുതല്‍ 19 വയസുകാരനായ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ വരെ കളത്തിലിറങ്ങുന്നുണ്ട്. പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീന താരം ലയണല്‍ മെസ്സി, ബ്രസീല്‍ താരം നെയ്മര്‍ ജൂനിയര്‍ എന്നിവരുടെ മാന്ത്രിക സ്പര്‍ശത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.