2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ലോകകപ്പിന് ഒരുങ്ങിയത് മുതല്‍ സെമിയില്‍ തോല്‍ക്കുന്നത് വരെയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍

2018 ഏപ്രില്‍ 26ന് ലോകകപ്പ് ക്രിക്കറ്റിനുള്ള ഫിക്‌സ്ചര്‍ പുറത്ത് വന്ന അന്ന് മുതല്‍ 133 കോടി ജനങ്ങളുടെ മനസിലുണ്ടായിരുന്ന സ്വപ്നമായിരുന്നു ഇന്ത്യക്ക് മൂന്നാം ലോകകപ്പെന്നത്. എന്നാല്‍ ആ സ്വപ്നം ഇന്നലെ മാഞ്ചസ്റ്ററില്‍ ധോണിയുടെ ബാറ്റിന്റെയും ക്രീസിന്റെയും ഇടയിലുള്ള 9 സെന്റീമീറ്റര്‍ ദൂരത്തിനിടക്ക് വീണുടഞ്ഞത് ഇന്ത്യന്‍ ആരാധകര്‍ കണ്ണീരോടെയാണ് കണ്ടത്. ലോകകപ്പിനായി ഇന്ത്യ ഒരുങ്ങി ധോണിയുടെ റണ്ണൗട്ട് വരെ ഇന്ത്യ കണ്ട സ്വപ്നങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന വിലയിരുത്തല്‍.

2018 ഏപ്രില്‍ 26
ഇംഗ്ലണ്ടില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി അധികൃതര്‍ 2019 ന്റെ മത്സരക്രമവും ടീം വിവരങ്ങളും പരസ്യപ്പെടുത്തുന്നു. 10 രാജ്യങ്ങള്‍ പങ്കെടുക്കുന്ന റൗണ്ട് റോബിന്‍ രീതിയിലുള്ള മത്സരം തുടങ്ങിയ വിവരങ്ങളാണ് ഐ.സി.സി പുറത്തുവിട്ടത്. അതിന് ശേഷം ലോകകപ്പ് സ്വപ്നം കണ്ട് ഏറ്റവും മികച്ച ടീമിനെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ പണി തുടങ്ങി. ഏഷ്യന്‍ കപ്പ് ക്രിക്കറ്റ്, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളുമായി ഏകദിന ടെസ്റ്റ് പരമ്പരകള്‍ കളിച്ച ആരെല്ലാം എവിടെയെല്ലാം കളിപ്പിക്കാനാകുമെന്ന തീരുമാനത്തിലെത്തി. ലോകകപ്പിന് തൊട്ട് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മികവ് കാട്ടുന്നതിന് ഐ.പി.എല്ലും വന്നു. എല്ലാവരും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി.

2019 ഏപ്രില്‍ 15
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, വിജയ് ശങ്കര്‍, എം.എസ് ധോണി, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരെ ഉള്‍പ്പെടുത്തി ഇന്ത്യ ടീം പ്രഖ്യാപിച്ചു. എന്നാല്‍ ടീം പ്രഖ്യാപനത്തിന്റെ അന്ന് തന്നെ വിവാദവും കത്തിത്തുടങ്ങി. മികച്ച ഫോമില്‍ നില്‍ക്കുന്ന ഋഷഭ് പന്തിനേയും അമ്പാട്ടി റായുഡുവിനേയും തഴഞ്ഞ് വിജയ് ശങ്കര്‍, കേദാര്‍ ജാദവ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയതിനെച്ചൊല്ലിയായിരുന്നു വിവാദം. ഐ.പി.എല്ലില്‍ മോശം ഫോമില്‍ തുടര്‍ന്നിരുന്ന ദിനേഷ് കാര്‍ത്തിക്കിനെ ടീമിലെടുത്തതിന്റെ പേരിലും സെലക്ഷന്‍ കമ്മിറ്റി പഴികേട്ടു കൊണ്ടിരുന്നു. സെമി ഫൈനലില്‍ തോല്‍ക്കുന്നത് വരെ ഈ പഴി ഇന്ത്യന്‍ സെലക്ടര്‍മാര്‍ കേട്ടുകൊണ്ടേ ഇരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ക്കെതിരേയുള്ള ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ തുടങ്ങിയവരുടെ പ്രകടനം.

ആസ്‌ത്രേലിയക്കെതിരേ
ലോകകപ്പിന് മുന്നോടിയായി ടീമിനെ രാകിമിനുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍ ടി20 ഏകദിന മത്സരങ്ങള്‍. ടി20യിലെ രണ്ട് മത്സരത്തിലും ജയം സ്വന്തമാക്കി ടി20 പരമ്പരയും തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയും ആസ്‌ത്രേലിയ സ്വന്തമാക്കി.

2019 മെയ് 22
ലോകകപ്പ് കിരീടം തേടി വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക്. ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് മുന്‍പ് ഇന്ത്യക്ക് ന്യൂസിലന്‍ഡുമായും ബംഗ്ലാദേശുമായുമുള്ള രണ്ട് സന്നാഹ മത്സരങ്ങള്‍. മെയ് 25ന് നടന്ന ന്യൂസിലന്‍ഡിനെതിരേയുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ എട്ട് നിലയില്‍ പൊട്ടി. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശുമായി രണ്ടാം പരിശീലന മത്സരം. ഇതില്‍ 95 റണ്‍സിന് ഇന്ത്യ ജയിച്ചു. ഇതോടെ മാനസിക മുന്‍തൂക്കം ഇന്ത്യക്ക് തിരിച്ചുകിട്ടി.

2019 ജൂണ്‍ 5
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയ്. നാല് വിക്കറ്റ് നഷ്ടത്തില്‍ 47.3 ഓവറില്‍ ഇന്ത്യ 230 റണ്‍സെടുത്തു. രണ്ടാം മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെ 36 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കരുത്ത് കാട്ടി. എന്നാല്‍ മഴ പെയ്തതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരം റദ്ദാക്കി. നാലാം മത്സരത്തില്‍ പാകിസ്താനെ 89 റണ്‍സിന് തോല്‍പ്പിച്ചു. അഞ്ചാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ തപ്പിത്തടഞ്ഞ് 11 റണ്‍സിന്റെ ജയം. തൊട്ടടുത്ത മത്സരത്തില്‍ വിന്‍ഡീസിനെതിരേ 125 റണ്‍സിന്റെ ജയം. ഇംഗ്ലണ്ടിനെതിരേ ടൂര്‍ണമെന്റില്‍ ആദ്യ തോല്‍വി. 31 റണ്‍സിനായിരന്നു ഇന്ത്യയുടെ തോല്‍വി. ബംഗ്ലാദേശിനെതിരേയും ശ്രീലങ്കക്കെതിരേയുമുള്ള മത്സരങ്ങളില്‍ അനായാസ ജയം.

ജൂലൈ 9, 10
2019 ലോകകപ്പിലെ ഇന്ത്യയുടെ വിധി നിര്‍ണയിച്ച ദിവസം. ഒന്നര വര്‍ഷം മുന്‍പ് തുടങ്ങിയ ഒരുക്കങ്ങളെല്ലാം ഒരു ത്രോവില്‍ പൊലിഞ്ഞ ദിവസം. ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം 9ന് തന്നെ തീരേണ്ടയാതിരുന്നു. എന്നാല്‍ മഴപെയ്തതിനെ തുടര്‍ന്ന് ഇന്ത്യക്ക് ഒരു ദിവസം കൂടി ആയുസ് നീട്ടിക്കിട്ടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. പതുക്കെയാണെങ്കിലും ജയിക്കാമായിരുന്ന മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങ്‌നിര തരിപ്പണം. ലോകകപ്പില്‍ അഞ്ച് സെഞ്ചുറിയുമായി മിന്നിയ രോഹിത്, വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍ എന്നിവര്‍ ഒരോ റണ്‍സുമായി മടങ്ങി. ഇതോടെ ഇന്ത്യ 100 പുറത്താകുമെന്ന് തോന്നിത്തുടങ്ങി. എന്നാല്‍ പിന്നീടായിരുന്നു ധോണിയും ജഡേജയും രക്ഷകരുടെ റോളില്‍ അവതരിച്ചത്. ഇരുവരും പിടിച്ച് നിന്നതോടെ ഇന്ത്യയുടെ ജീവന്‍ അവസാന ഓവര്‍വരെ നീട്ടിക്കിട്ടി. 48.3 ഓവറില്‍ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം ക്രീസിന്റെ 9 സെന്റീമീറ്റര്‍ അകലെവച്ച് പൊലിഞ്ഞു.

രവീന്ദ്ര ജഡേജ
ലോകകപ്പ് തുടങ്ങുമ്പോള്‍ തന്നെ പുറത്തായിരുന്ന ജഡേജക്ക് അപൂര്‍വമായി മാത്രമേ ഈ ലോകകപ്പില്‍ അവസരം ലഭിച്ചുള്ളു. ഓള്‍ റൗണ്ടര്‍ മികവില്‍ ജഡേജയെ കളിപ്പിക്കണമെന്നായിരുന്നു എല്ലാവരുടെയും നിര്‍ദേശം. എന്നാല്‍ ബൗളര്‍മാരെ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമായതിനാല്‍ ജഡേജക്ക് പലപ്പോഴും അവസരം നിഷേധിക്കപ്പെട്ടു. ഇന്ത്യക്കായി രണ്ട് മത്സരങ്ങള്‍ കളിച്ച ജഡേജ നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യയുടെ ഹീറോ ആയിട്ടാണ്. അത്രയം മികച്ച പ്രകടനമായിരുന്നു ജഡേജ പുറത്തെടുത്തത്. രണ്ട് മാച്ചില്‍ താരം സ്വന്തമാക്കിയ നേട്ടങ്ങളൊന്ന് പരിശോധിക്കാം. രണ്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സേവ് ചെയ്ത താരമെന്ന നേട്ടമായിരിക്കും ഏറ്റവും മികച്ചത്. കാരണം ആറും ഏഴും മത്സരങ്ങള്‍ കളിച്ച ഫീല്‍ഡര്‍മാരെല്ലാം ജഡേജക്ക് പിറകിലാണുള്ളത്. രണ്ട് മത്സരത്തില്‍ 77 റണ്‍സ്, 77.00 ആവറേജ്, 130.50 സ്‌ട്രൈക്ക് റേറ്റ്, ഒരു അര്‍ധ സെഞ്ചുറി, നാല് ബൗണ്ടറികള്‍, നാല് സിക്‌സ്‌റുകള്‍, മൂന്ന് ക്യാച്ചുകള്‍ എന്നിവയാണ് രണ്ട് കളികൊണ്ട് മാത്രം ജഡേജ സ്വന്തമാക്കിയത്. രണ്ട് കളികളില്‍ ബൗള്‍ ചെയ്തപ്പോള്‍ 120 പന്തുകളാണ് ജഡേജ എറിഞ്ഞത്. ഇതില്‍ 74 റണ്‍സ് വിട്ട് നല്‍കി. രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഒരൊറ്റ വൈഡ് പോലും ഇല്ലാതെയായിരുന്നു 120 പന്തുകള്‍ എറിഞ്ഞത്. ന്യൂസിലന്‍ഡിനെതിരേയുള്ള സെമിയിലെ 10 ഓവറില്‍ 34 റണ്‍സ് വിട്ട് നല്‍കി ഒരു വിക്കറ്റും സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ 25-ാം ഓവറില്‍ തീരുമായിരുന്ന കളി അവസാനം വരെ നീട്ടിയതില്‍ ജഡേജക്കായിരുന്നു പ്രധാന പങ്ക്. കൂട്ടിന് ധോണികൂടി ചേര്‍ന്നതോടെ ഓരോ പന്തിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ കൂടി വന്നുകൊണ്ടിരുന്നു. എന്നാല്‍ ജയത്തിലേക്കുള്ള യാത്രക്കിടെ ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ കെയ്ന്‍ വില്യംസണിന്റെ കൈയിലൊതുങ്ങുകയായിരുന്നു ജഡേജയുടെയും ഇന്ത്യയുടെയും പോരാട്ടവീര്യം. മത്സരത്തിന് ശേഷമായിരുന്നു ഇന്ത്യക്ക് ജഡേജയുടെ വില മനസിലായത്. മധ്യനിരയില്‍ കളിപ്പിക്കാമായിരുന്ന താരത്തെ അവസാന മത്സരം വരെ സൂക്ഷിച്ചതിന് ഇന്ത്യന്‍ പരിശീലകന്‍ മതിവരുവോളം പഴി കേള്‍ക്കുന്നുണ്ട്.

മഹേന്ദ്ര സിങ് ധോണി
കൂള്‍ ഫിനിഷര്‍ എന്ന പേര് അന്വര്‍ഥമാക്കുന്ന പ്രകടനമാണ് ധോണി പലപ്പോഴും പുറത്തെടുത്തിരുന്നത്. പലപ്പോഴും തുഴച്ചില്‍കാരനായും മെല്ലോപ്പോക്ക് കാരനായും ധോണിയെ ചിത്രീകരിച്ചെങ്കിലും പ്രതിസന്ധികളില്‍ ധോണിയായിരുന്നു എപ്പോഴും ഇന്ത്യക്ക് തുണ. കോഹ്‌ലിയാണ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്നതെങ്കിലും നിര്‍ണായക നിമിഷത്തില്‍ ധോണിയുടെ തീരുമാനങ്ങളാണ് പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിക്കുന്നത്. ന്യൂസിലന്‍ഡിനെതിരേയുള്ള അവസാന മത്സരത്തില്‍ ജഡേജ പുറത്തായപ്പോഴും ഇന്ത്യയുടെ സ്വപ്നങ്ങള്‍ ധോണിയുടെ ചുമലിലായിരുന്നു. എന്നാല്‍ ക്രീസിന്റെ 9 സെന്റീമീറ്റര്‍ അകലെ വീണുടഞ്ഞ സ്വപ്നത്തിന് ധോണിയുടെയും ഇന്ത്യയുടെ കണ്ണീരിന്റെയും ചുവയുണ്ടായിരുന്നു.
ടോപ് ഓര്‍ഡറിര്‍ വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ മധ്യനിരയില്‍ പിടിച്ച് നില്‍ക്കാനും വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കാനുമുള്ള താരങ്ങളെയാണ് വേണ്ടത്. ഇവിടെയാണ് ധോണി പ്രസക്തനാകുന്നത്. തുഴയേണ്ട സമയത്ത് കൃത്യമായി തുഴഞ്ഞതുകൊണ്ടായിരുന്നു ഇന്ത്യ സെമി വരെ എത്തിയത്. സെമിയില്‍ ഇന്ത്യയുടെ സ്വപ്നങ്ങള്‍ അവസാന ഓവര്‍ വരെ നീട്ടിക്കിട്ടിയതും കൃത്യ സ്ഥലത്ത് ധോണി കളിച്ചത് കൊണ്ടായിരുന്നു. ലോകകപ്പിന് ശേഷം ധോണി വിരമിക്കുന്നത് കാത്തിരുന്ന പലരോടും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇങ്ങനെയാണ് പറഞ്ഞത്. ധോണിയെ അദ്ദേഹത്തിന്റെ പാട്ടിന് വിടുക. പ്രതിസന്ധികളില്‍ ധോണിയുടെ തീരുമാനങ്ങള്‍ ടീമിന് കരുത്താകും എന്ന കാഴ്ചപ്പാട് കൊണ്ടാണ് സച്ചിനും ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് വേണം കരുതാന്‍. എന്നാല്‍ പുതിയ താരങ്ങളെ കണ്ടെത്തുക എന്ന ബോധ്യത്തോടെ ധോണിക്ക് മാറി നില്‍ക്കാം. ലോകകപ്പിന് ശേഷം ഇന്ത്യയുടെ മധ്യനിരയിലെ ബാറ്റിങ് പ്രശ്‌നത്തെ കുറിച്ച് കാര്യമായ പരാതികളാണ് ഉയരുന്നത്. ധോണിയെ ഇനിയും നീലക്കുപ്പായത്തില്‍ കാണാനാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. അനുഭവ സമ്പത്ത് കൊണ്ട് കളിയെ നിയന്ത്രിക്കാന്‍ കഴിയുന്ന താരമെന്ന പേരില്‍ ധോണിയെ എന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഓര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ടീം സെലക്ഷനിലെ അപാകത
ഇന്ത്യയുടെ ടീം പ്രഖ്യാപിച്ച അന്ന് മുതല്‍ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. ഐ.പി.എല്ലിന് ശേഷം മികച്ച ഫോമില്‍ നില്‍ക്കുന്ന ഋഷഭ് പന്തിനേയും അമ്പാട്ടി റായുഡുവിനേയും തഴഞ്ഞു എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ പല മത്സരങ്ങള്‍ക്കിടയിലും ഇത്തരം ആരോപണങ്ങള്‍ ശരിയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. ഐ.പി.എല്‍ സീസണില്‍ ഒട്ടും ഫോമിലല്ലാതിരുന്ന ദിനേഷ് കാര്‍ത്തിക്, വിജയ് ശങ്കര്‍, കേദാര്‍ ജാദവ് എന്നിവര്‍ പലപ്പോഴും ചോദ്യചിഹ്നമായി. മധ്യനിരയില്‍ പക്വത ഇല്ലാതെ കളിക്കുന്ന താരമായത് കൊണ്ടാണ് പന്തിനെ ടീമിലുള്‍പ്പെടുത്താതിരുന്നതെന്നായിരുന്നു ബി.സി.സി.ഐയുടെ വിശദീകരണം. വിജയ് ശങ്കറിനെ ടീമിലുള്‍പ്പെടുത്തിയത് സമ്പൂര്‍ണ പരാജയമായിരുന്നെന്ന് താരം തന്നെ തെളിയിക്കുകയും ചെയ്തു. ലോകകപ്പ് മോഹമുണ്ടായിരുന്ന അമ്പാട്ടി റായുഡു ടീമിലിടം നേടാത്തതിന്റെ കാരണത്താല്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയും ചെയ്തു. അര്‍ഹരെ തഴഞ്ഞ് അനര്‍ഹരെ പരിഗണിച്ച ബി.സി.സി.ഐയുടെ നടപടി പലപ്പോഴും പാളിപ്പോയെന്നായിരുന്നു വിവാദ താരങ്ങളുടെ പ്രകടനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.