2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ലൈഫ് പദ്ധതി: ഗുണഭോക്തൃ കുടുംബത്തിലെ തൊഴില്‍ രഹിതരുടെ വിവരശേഖരണം നടത്തും

ആഷിഖ് അലി ഇബ്രാഹിം

മുക്കം: ഇടതുപക്ഷ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ കുടുംബത്തിലെ തൊഴില്‍ രഹിതരുടെ കൃത്യമായ വിവരശേഖരണം നടത്തുന്നു. ലൈഫ് പദ്ധതിയുടെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഉപജീവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വേ നടത്തുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈഫ് മിഷന്റെ ഭാഗമായി നടത്തുന്ന ഗുണഭോക്തൃ സംഗമത്തില്‍ വച്ചാണ് സര്‍വേയിലേക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക. നൈപുണ്യം, ഉപജീവന പരിശീലനം, ചെറുകിട സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി സംയോജിപ്പിച്ച് തൊഴില്‍ ഉറപ്പുവരുത്താനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ഉപജീവനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ആയിരിക്കും കമ്മിറ്റിയുടെ കണ്‍വീനര്‍. സമയ ബന്ധിതമായി ഗുണഭോക്തൃ സംഗമം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കുടുംബശ്രീ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചുമതല നല്‍കുക, ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, സര്‍വേയില്‍ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് യഥാര്‍ഥ ഗുണഭോക്താക്കളെ കണ്ടെത്തുക, കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും തൊഴില്‍ പരിശീലനവും നല്‍കുക, പരിശീലന പരിപാടികളുടെ ജില്ലാതലത്തിലുള്ള മോണിറ്ററിങ് നടത്തുക, പരിശീലനം ലഭിച്ചവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, തൊഴില്‍ പരിശീലനം, സംരംഭ പരിശീലനം എന്നിവ ലഭിച്ചവരുടെ ഡാറ്റാ വിവരം തയാറാക്കി സൂക്ഷിക്കുക എന്നിവയാണ് ഈ സമിതിയുടെ പ്രധാന ചുമതലകള്‍.
ജില്ലകളിലെ സ്വകാര്യ മേഖലയിലുള്ള വിവിധ നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍, തൊഴില്‍ നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. കുടുംബശ്രീക്ക് പുറമെ മറ്റ് വിവിധ വകുപ്പുകള്‍ മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിന് വേണ്ടി ജില്ലാ തലത്തില്‍ കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.