2018 May 10 Thursday

ലുലു മാളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എത്തിയത് 10 കോടി സന്ദര്‍ശകര്‍

 

കൊച്ചി: ലുലു മാളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 10 കോടി സന്ദര്‍ശകര്‍ ലുലു മാള്‍ സന്ദര്‍ശിച്ചുവെന്ന് ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ് പറഞ്ഞു.

ഇന്ത്യയില്‍ മറ്റൊരു ഷോപ്പിങ് മാളിനും കൈവരിക്കാന്‍ കഴിയാത്ത ചരിത്രനേട്ടമാണ് ലുലു മാള്‍ കൈവരിച്ചത്. തിരുവനന്തപുരം, ലഖ്‌നൗ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ലുലു മാള്‍ ആരംഭിക്കുകയാണ്.

ലുലു മാളിന് തുടക്കംകുറിച്ചമ്പോള്‍ ബിസിനസ് രംഗത്തെ പ്രമുഖര്‍പോലും കേരളത്തില്‍ പരാജയമായിരിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച വിജയമാണ് എം.എ യൂസഫലിയുടെ സാരഥ്യത്തില്‍ ആരംഭിച്ച ലുലു മാള്‍ കൈവരിച്ചത്. എം.എ യൂസഫലിയുടെ ജന്‍മനാടായ തൃപ്രയാറില്‍ ആരംഭിക്കുന്ന വൈ മാള്‍ ആയിരിക്കും ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ അടുത്ത റീട്ടെയില്‍ പ്രോജക്ട് എന്നും അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളി ലുലു മാളിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍, കാവ്യ അജിത്, നിരഞ്ജ് സുരേഷ്, അഫ്‌സല്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഗീതപരിപാടിയുടെ അകമ്പടിയോടെയായിരുന്നു ആഘോഷങ്ങള്‍.
ലുലു ഇന്ത്യ ഡയറക്ടര്‍ എം.എ നിഷാദ്, ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു ഗ്രൂപ്പ് മാനേജര്‍മാരായ സാദിക് കാസിം, ബാബു വര്‍ഗീസ്, അമീന്‍ സേഠ്, എം. അംബികാപതി, സമീര്‍ വര്‍മ, കെ.കെ ഷെരീഫ്, മീഡിയാ കോഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ്, ആര്‍കിടെക്ട് കെ.വി പ്രസൂണ്‍, സീനിയര്‍ ചീഫ് എന്‍ജിനിയര്‍ പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു കണക്ടിലും ലുലു ഫാഷന്‍ സ്റ്റോറിലും ഷോപ്പ് ആന്‍ഡ് വിന്‍ ഓഫറുകളോടെയുള്ള മെഗാ വില്‍പന മേള നടക്കുന്നുണ്ട്.

ഭക്ഷണസാധനങ്ങള്‍, പലവ്യഞ്ജനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്, ഫാഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവ വിലക്കുറവില്‍ വാങ്ങാനുള്ള അവസരമാണിത്. 1000 രൂപക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണ്‍ മാര്‍ച്ച് 31ന് നറുക്കെടുത്ത് വിജയികളാകുന്ന അഞ്ചുപേര്‍ക്ക് മാരുതി സുസുകി ഇഗ്‌നിസ് കാര്‍ സമ്മാനമായി നല്‍കും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.