2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ലിബിയന്‍ ആഭ്യന്തര യുദ്ധം: 121 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

ട്രിപ്പോളി: ലിബിയയില്‍ രണ്ടാഴ്ചയായി തുടങ്ങിയ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 121 പേര്‍ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന. 561 പേര്‍ക്ക് പരുക്കേറ്റു.
തലസ്ഥാനമായ ട്രിപ്പോളിയില്‍ മുന്‍ സൈനിക ജനറല്‍ ഖലീഫ ഹഫ്തര്‍ നേതൃത്വം നല്‍കുന്ന വിമതരാണ് ആക്രമണം ആരംഭിച്ചത്. സംഘര്‍ഷ പ്രദേശത്തേക്ക് കൂടുതല്‍ സഹായങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ആക്രമണം തുടരുകയാണെന്നും ഡബ്ലിയു.എച്ച്.ഒ ലിബിയ അറിയിച്ചു.
യു.എന്‍ പിന്തുണയുള്ള ലിബിയന്‍ സര്‍ക്കാരിനെ താഴെയിറക്കാനാണ് വിമതര്‍ ആക്രമണം ആരംഭിച്ചത്. ട്രിപ്പോളി പിടിച്ചെടുക്കാനായുള്ള വിമത ആക്രമണം തുടരുകയാണ്.
അതിനിടെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതഹ് അല്‍ സിസി ഹഫ്തറുമായി ഇന്നലെ കെയ്‌റോവില്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യങ്ങളുടെ അവലോകനമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് സിസിയുടെ വക്താവ് പറഞ്ഞു. ഹഫ്തറിനെ ശക്തമായി പിന്തുണക്കുന്നയാളാണ് സിസി.
ലിബിയയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍, യു.എസ്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 14ന് രാജ്യത്ത് ദേശീയ തെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് വിമത ആക്രമണം. യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു.
323 പേര്‍ക്ക് പരുക്കേറ്റു. 13000 പേര്‍ തലസ്ഥാനത്ത് നിന്ന് പലായനം ചെയ്തു. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതോടെയാണ് ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടങ്ങിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.