2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങള്‍ മോഷണം പോയി

പത്തനാപുരം: വനം മന്ത്രിയുടെ മണ്ഡലമായ പുനലൂരിലെ തെന്മല ഡിവിഷനില്‍ ആര്യങ്കാവ് റെയ്ഞ്ചില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങള്‍ മോഷണം പോയി.
കടമാന്‍പാറ സെക്ഷനില്‍ നിന്നുമാണ് ഇന്നലെ വൈകിട്ടോടെ ഒരു കൂറ്റന്‍ ചന്ദനമരം മുറിച്ച് കടത്തിയത്. നിലവിലുള്ള വനം റെയ്ഞ്ച് ഓഫിസര്‍ സ്ഥലം മാറിപ്പോയി ദിവസങ്ങളായിട്ടും പുതിയ റെയ്ഞ്ച് ഓഫിസറെ നിയമിക്കുവാന്‍ വനം മന്ത്രിയുടെ മണ്ഡലത്തില്‍ പോലും കാലതാമസം നേരിടുന്നതിനിടെയാണ് ചന്ദനമോഷണം.
നൂറ് സെന്റീമീറ്ററോളം വലിപ്പമുള്ള ചന്ദന മരമാണ് മുറിച്ച് കടത്തിയത്. വിവരങ്ങള്‍ മറച്ചു വക്കുവാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറയുന്നു.
കേരളത്തില്‍ മറയൂര്‍ മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചന്ദന മരങ്ങള്‍ ഉള്ള സ്ഥലമാണ് തെന്മല ഡിവിഷനിലെ ആര്യങ്കാവ് റെയ്ഞ്ചിലെ കടമാന്‍പാറ സെക്ഷന്‍. ഇവിടെ വേണ്ടത്ര ജീവനക്കാരില്ല.
കൂടുതലും താല്‍ക്കാലിക ജീവനക്കാരാണ്. ഇവരുടെ ഒത്താശയില്ലാതെ ചന്ദനമര മോഷണം നടക്കില്ലെന്ന് മുന്‍പിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നടപടിയില്ലാത്തതാണ് പതിവായി ഇവിടെ ചന്ദന മരമോഷണങ്ങളെന്ന് ആക്ഷേപമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.