2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

റോഹിംഗ്യ: യു.എന്‍ റിപ്പോര്‍ട്ട് നിരാകരിച്ച് മ്യാന്‍മര്‍

മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് അവകാശവാദം

നെയ്പിഡോ: റോഹിംഗ്യന്‍ മുസ്‌ലിംകളെയും രാജ്യത്തെ മറ്റു ന്യൂനപക്ഷങ്ങളെയും വംശീയമായി ആക്രമിച്ച സംഭവത്തില്‍ തങ്ങളുടെ ഭരണാധികാരികളെയും സൈനിക നേതാക്കളെയും രൂക്ഷമായി വിമര്‍ശിക്കുന്ന യു.എന്‍ റിപ്പോര്‍ട്ട് നിരാകരിച്ച് മ്യാന്‍മര്‍. യു.എന്‍ സംഘത്തിന്റെ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് മ്യാന്‍മര്‍ അധികൃതരുടെ പ്രതികരണം.

റോഹിംഗ്യന്‍ മുസ്‌ലികളെ കൊന്നൊടുക്കുകയും സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവങ്ങളില്‍ സൈനിക തലവനടക്കം വിചാരണ നേരിടണമെന്നും രാജിവയ്ക്കണമെന്നുമായിരുന്നു യു.എന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. ഇവര്‍ക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന റിപ്പോര്‍ട്ടില്‍, മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂക്കിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നു.
സംഭവങ്ങള്‍ അന്വേഷിക്കാനെത്തിയ യു.എന്‍ സംഘത്തെ രാജ്യത്തു പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ മ്യാന്‍മര്‍ സര്‍ക്കാര്‍ വക്താവ്, അതിനാല്‍തന്നെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് തങ്ങള്‍ക്കു സ്വീകാര്യമല്ലെന്നും തങ്ങള്‍ അതു തള്ളുകയാണെന്നും വ്യക്തമാക്കി.
മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടില്ലെന്നും മനുഷ്യാവകാശങ്ങള്‍ക്കു വലിയ വിലകല്‍പിക്കുന്നുണ്ടെന്നുമാണ് മ്യാന്‍മറിന്റെ വിശദീകരണം. മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കും.
രാജ്യത്തു നടന്ന സംഭവങ്ങളില്‍ യു.എന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളും കണ്ടെത്തലുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കുമെന്നും മ്യാന്‍മര്‍ വ്യക്തമാക്കി.
മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്നതു തുല്യതയില്ലാത്ത ക്രൂരതയാണെന്നായിരുന്നു യു.എന്‍ പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ട്.
വിഷയത്തില്‍ വംശഹത്യ, യുദ്ധക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. മ്യാന്‍മര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് അടക്കം മിലിട്ടറി കമാന്‍ഡര്‍മാര്‍ മുതലുള്ള സൈനികരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് അടിയന്തരമായി രാജിവച്ചൊഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു.
മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന ക്രൂരതകള്‍ക്കിരയായി ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും ഏഴു ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.
വിഷയത്തില്‍ 2017 മാര്‍ച്ചിലാണ് ഐക്യരാഷ്ട്രസഭ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ കീഴില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടിരുന്നത്.

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.