2018 June 24 Sunday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

റോഹിംഗ്യ: കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ച് മ്യാന്‍മര്‍

യാങ്കോണ്‍: റോഹിംഗ്യകള്‍ക്കെതിരേയുള്ള കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അംഗീകരിച്ച് മ്യാന്‍മര്‍. മോങ്‌ത്തോയുടെ സമീപ ഗ്രാമമായ ഇന്‍ ദിന്‍ ഗ്രാമത്തില്‍ പത്ത് റോഹിംഗ്യകളുടെ മൃതദേഹം കണ്ടെത്തിയതില്‍ സൈന്യത്തിലെ നാലു പേര്‍ക്ക് പങ്കുണ്ടെന്ന് മ്യാന്‍മര്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇവിടെ വന്‍ കുഴിമാടം കണ്ടെത്തിയത്.
റോഹിംഗ്യകള്‍ക്കെതിരേയുള്ള മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധ സന്ന്യാസിമാരുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ഓഗസ്റ്റു മുതല്‍ നടന്ന ആക്രമത്തില്‍ ആദ്യമായാണ് സൈന്യം തങ്ങളുടെ പങ്ക് അംഗീകരിക്കുന്നത്. ‘ബംഗാളി തീവ്രവാദികള്‍ക്കെതിരേ’ ഗ്രാമീണര്‍ക്ക് പ്രതികാരം ചെയ്യാന്‍ സൈന്യം സഹായിക്കുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയിലൂടെ പറഞ്ഞു.
പത്ത് ‘ബംഗാളി തീവ്രവാദികളെ’ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രാമീണരും സമ്മതിച്ചിട്ടുണ്ട്. നിയമ ലംഘനം നടത്തിയവര്‍ക്കെതിരേ സൈന്യം ശക്തമായി നടപടി സ്വീകരിക്കും. തീവ്രവാദികള്‍ ഗ്രാമീണരായ ബുദ്ധന്മാരെ ഭീഷണപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ‘തീവ്രവാദികളെ’ ആയുധങ്ങളെ കൊണ്ട് മുറിവേല്‍പ്പിച്ച് ഗ്രാമത്തിന്റെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന ഇവരെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
മ്യന്‍മര്‍ ലെഫ്റ്റനന്റ് ജനറല്‍ ആയി വിനിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് സൈന്യത്തിന്റെ പങ്ക് വെളിപ്പെടുത്തിയത്. എന്നാല്‍ ഓഗസ്റ്റ് മുതല്‍ റാഖൈന്‍ പ്രദേശങ്ങളില്‍ ആരംഭിച്ച അക്രമത്തില്‍ സൈന്യത്തിന് പങ്കില്ലെന്ന് കഴിഞ്ഞ നവംബറില്‍ റിപ്പോര്‍ട്ട് സമാര്‍പ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു.
റോഹിംഗ്യകളെ മ്യാന്‍മറിലെ പൗരന്മാരായി ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണെന്നാണ് മ്യാന്‍മറിന്റെ വാദം. യു.എന്‍ അടക്കമുള്ള നിരവധി സംഘടകളും രാഷ്ട്രങ്ങളും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ റോഹിംഗ്യകളെ വംശഹത്യചെയ്യുകയാണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സൈന്യത്തിന് അക്രമങ്ങളില്‍ പങ്കില്ലെന്നായിരുന്നു ഇതുവരെ സൈന്യത്തിന്റ വാദം. കൂടാതെ യു.എന്നിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയും മാധ്യമപ്രവര്‍ത്തകരെയും അക്രമ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ മ്യാന്‍മര്‍ അനുമതി നല്‍കിയിരുന്നില്ല.

അന്വേഷണം ആവശ്യപ്പെട്ട് ആംനെസ്റ്റി

ലണ്ടന്‍: റോഹിംഗ്യകളുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മ്യാന്‍മര്‍ സൈന്യം സമ്മതിച്ചതിനാല്‍ സ്വതന്ത്ര്യമായ അന്വേഷണം വേണമെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷനല്‍. റോഹിഗ്യന്‍ വിഷയത്തില്‍ മകിച്ച പുരോഗതിയാണ് സൈന്യത്തിന്റെ കുറ്റസമ്മതം. ഇത് വലിയ സംഭവത്തിന്റെ സൂചന മാത്രമാണ്. 655,000 റോഹിംഗ്യകളുടെ പലായനത്തിന് കാരണമായ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ആരംഭിച്ച അക്രമത്തെ സംബന്ധിച്ച് ഗൗരവമായ അന്വേഷണം ആവശ്യമാണെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷനല്‍ സൗത്ത് ഏഷ്യ, പസഫിക് റീജ്യനല്‍ ഡയരക്ടര്‍ ജെയിംസ് ഗോമസ് പറഞ്ഞു.
തങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്ന് ആവശ്യപ്പെട്ട മ്യാന്‍മര്‍ സൈന്യത്തിന്റെ ഭയപ്പെടുത്തുന്ന അക്രമങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളെ പ്രകടനമാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങല്‍ ഗൗരവതരമാണെന്ന് ജെയിംസ് ഗോമസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.