2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

റോഹിംഗ്യന്‍ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു തടവുശിക്ഷ

യാങ്കൂണ്‍: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന കൂട്ടക്കുരുതിയില്‍ സര്‍ക്കാരിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചായിരുന്നു ഇവരെ മ്യാന്‍മര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. റോയിട്ടേഴ്‌സ് ലേഖകരായ വാ ലോന്‍ (32), ക്യാ സോ ഊ (28) എന്നിവരെയാണ് ജില്ലാ കോടതി ജഡ്ജി ശിക്ഷിച്ചത്.
സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തുന്നതിനായി കൈവശംവച്ചെന്ന കേസില്‍ ഇവര്‍ കുറ്റക്കാരെന്നാണ് കോടതി വിധി. കഴിഞ്ഞ ഡിസംബറിലായിരുന്നു അറസ്റ്റ്. റോഹിംഗ്യകള്‍ തിങ്ങിത്താമസിക്കുന്ന ഇന്‍ഡിന്‍ ഗ്രാമത്തില്‍ പത്തു പേരെ സൈന്യം നിരത്തിനിര്‍ത്തി വെടിവച്ചു കൊന്നതും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയതും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നു പൊലിസ് ഇവരെ കള്ളകേസില്‍ കുടുക്കുകയായിരുന്നു. അത്താഴവിരുന്നിനെന്നു പറഞ്ഞു വിളിച്ചുകൊണ്ടുപോയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ അറസ്റ്റിനു തൊട്ടുമുന്‍പു ഹോട്ടലില്‍വച്ചു പൊലിസ്തന്നെ ഇവര്‍ക്കു കൈമാറിയതായിരുന്നു. തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച ഇരുവരും, ശിക്ഷയില്‍ തങ്ങള്‍ക്കു സങ്കടമില്ലെന്നും വ്യക്തമാക്കി.
മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലികള്‍ക്കു നേരെയുണ്ടായ ക്രൂരമായ വംശീയാതിക്രമം പുറത്തെത്തിച്ച മാധ്യമങ്ങളെ രാജ്യത്തിന്റെ ശത്രുക്കളായാണ് മ്യാന്‍മര്‍ ഭരണകൂടം കണക്കാക്കുന്നത്. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച യു.എന്‍ മ്യാന്‍മര്‍ ഭരണകൂടവും സൈന്യവും കുറ്റക്കാരാണെന്നു കണ്ടെത്തുകയും ഭരണാധികാരി ഓങ് സാന്‍ സൂക്കിയും സൈനിക തലവനുമടക്കം രാജിവച്ച് നിയമനടപടി നേരിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് മ്യാന്‍മര്‍ തള്ളുകയും ചെയ്തിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയ സംഭവത്തില്‍ മ്യാന്‍മറിലും പുറത്തും പ്രതിഷേധം നടക്കുന്നുണ്ട്.

 

മാധ്യമപ്രവര്‍ത്തകരെ വിട്ടയയ്ക്കണം: യു.എന്‍

ജനീവ: മ്യാന്‍മറില്‍ അകാരണമായി തടവിലാക്കിയ മാധ്യമപ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് യു.എന്‍. മാധ്യമസ്വാതന്ത്ര്യം സമാധാനാത്തിനു അത്യന്താപേക്ഷിതമാണെന്നും മ്യാന്‍മറിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും യു.എന്‍ വ്യക്തമാക്കി.
മ്യാന്‍മറിന്റെ നടപടി അംഗീകരിക്കില്ലെന്നു വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനുമടക്കം വിവിധ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും രംഗത്തെത്തിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.