2018 July 20 Friday
സത്യം കഠിനമാണ്. ആ സത്യത്തെ ഞാന്‍ വരിച്ചിരിക്കുന്നു. അതൊരിക്കലും വഞ്ചിക്കുകയില്ല.
- ടാഗോര്‍

റോഹിംഗ്യന്‍ കുഞ്ഞുങ്ങള്‍ക്ക് ലോകം അഭയം നല്‍കണം: കൈലാഷ് സത്യാര്‍ഥി

ഭാരതയാത്രക്ക് തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം: കുട്ടികള്‍ക്ക് അതിരുകളില്ലെന്നും റോഹിംഗ്യന്‍ അഭയാര്‍ഥികളായ കുഞ്ഞുങ്ങള്‍ക്ക് ലോകം വാതില്‍ തുറന്നു കൊടുക്കണമെന്നും നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. സുരക്ഷിത കുട്ടിക്കാലം, സുരക്ഷിത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി സത്യാര്‍ഥി നടത്തുന്ന ഭാരതയാത്രയ്ക്ക് ടാഗോര്‍ തിയറ്ററില്‍ നല്‍കിയ സ്വീകരണത്തില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെത്തിയ ഭാരത് യാത്രക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം നല്‍കി. രാവിലെ നാലാഞ്ചിറ വിദ്യാനഗര്‍ മാര്‍ ഇവാനിയോസില്‍ നല്‍കിയ സ്വീകരണത്തില്‍ സര്‍വോദയ ഹാളില്‍ രണ്ടായിരത്തോളം വരുന്ന കുട്ടികളെയും രക്ഷിതാക്കളെയും അദ്ദേഹം അഭിസംബോധന ചെയ്തു. പിന്നീട് നൂറു കണക്കിന് കുട്ടികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രാവിലെ പതിനൊന്നിന് തിരുവനന്തപുരം മാനവീയം വീഥിയിലെത്തിയ യാത്രയെ ടാഗോര്‍ തിയറ്റര്‍ വരെ സ്വീകരിച്ചാനയിച്ചു.
എന്റെ കുഞ്ഞുങ്ങള്‍ ഓരോ നിമിഷവും ബലാത്സംഗം ചെയ്യപ്പെടുന്നതാണ് ഭാരത് യാത്ര തുടങ്ങാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മണിക്കൂറിലും രണ്ട് കുട്ടികള്‍ വീതം ബലാത്സംഗം ചെയ്യപ്പെടുകയും എട്ട് കുട്ടികളെ വീതം കാണാതാവുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കുട്ടികള്‍ അപകടത്തിലാണെങ്കില്‍ ഇന്ത്യയും അപകടത്തിലാണ്. രാജ്യത്ത് കുട്ടികള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണ്. കുട്ടികള്‍ക്ക് സുരക്ഷിതത്വമുള്ള രാജ്യം കെട്ടിപ്പടുക്കുകയാണ് ഭാരത് യാത്രയുടെ ലക്ഷ്യം- അദ്ദേഹം വിവിധ സ്വീകരണ സ്ഥലങ്ങളില്‍ പറഞ്ഞു.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ സ്‌കൂളുകളില്‍നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ സത്യാര്‍ഥിയുമായി സംവദിച്ചു. വിദ്യാഭ്യാസവും ഭക്ഷണവുമല്ല, സുരക്ഷയാണ് ഞങ്ങളുടെ പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടിയ വിദ്യാര്‍ഥിയോട് കുട്ടികളുടെ സുരക്ഷ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നും കുട്ടികള്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ നാടാണ് കേരളം. ഇവിടെ നില്‍ക്കുമ്പോള്‍ ഈ കുട്ടികളില്‍ ഞാന്‍ ദൈവത്തിന്റെ സാന്നിധ്യമറിയുന്നു-അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ താരതമ്യേന കുട്ടികള്‍ സുരക്ഷിതരായാണ് വളരുന്നത്. എന്നാല്‍, സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളോട് ഒരുതരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ, ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം, ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശോഭ കോശി സംസാരിച്ചു.
സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നാലാഞ്ചിറയില്‍ നടന്ന സ്വീകരണത്തില്‍ മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ്, സര്‍വോദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ് മാത്യു സംസാരിച്ചു. കേരളമടക്കം 22 സംസ്ഥാനങ്ങളിലൂടെ 11000 കിലോ മീറ്റര്‍ സഞ്ചരിക്കുന്ന യാത്ര ഒക്ടോബര്‍ 16ന് ഡല്‍ഹിയില്‍ സമാപിക്കും. സത്യാര്‍ഥി ഫൗണ്ടേണ്ടഷന്‍ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്തിയ 120 കുട്ടികള്‍ ഭാരത് യാത്രയില്‍ പങ്കെടുക്കുന്നുണ്ടണ്ട്.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.