2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റോഹിംഗ്യകളോട് മനുഷ്യത്വം കാണിക്കൂവെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി

അന്തിമവിധിവരുന്നതുവരെ റോഹിംഗ്യകളെ
നാടുകടത്തരുത്

 

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: മ്യാന്‍മറിലെ ബുദ്ധവംശീയവാദികളുടെയും പട്ടാളക്കാരുടെയും ആക്രമണത്തില്‍ നിന്നു രക്ഷതേടി ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ വംശജരുടെ കാര്യത്തില്‍ സന്തുലിതസമീപനം വേണമെന്ന് സുപ്രിംകോടതി. 

കേസില്‍ അന്തിമതീരുമാനമുണ്ടാകുന്നതുവരെ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്നു നാടുകടത്തരുതെന്ന് ചീഫ്ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എം.ഖന്‍വില്‍കര്‍ എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിഷ്‌കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കോടതിക്കു കണ്ടില്ലെന്നു നടിക്കാനാകില്ല. രാജ്യസുരക്ഷയിലും സാമ്പത്തികതാല്‍പ്പര്യങ്ങളിലും വിട്ടുവീഴ്ചയുണ്ടായിക്കൂടാ. അതോടൊപ്പം മനുഷ്യാവകാശങ്ങളും പരിഗണിക്കണം. അതിനാല്‍ വിഷയത്തില്‍ സന്തുലിത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമാണുള്ളതെന്നും സുപ്രിംകോടതി വ്യക്തമാക്കി.
അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് യു.എന്‍ അഭയാര്‍ഥി ഹൈക്കമ്മിഷന് കീഴില്‍ (യു.എന്‍.എച്ച്.സി.ആര്‍) രജിസ്റ്റര്‍ ചെയ്ത റോഹിംഗ്യന്‍ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറും സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് അടുത്തമാസം 21ന് വീണ്ടും പരിഗണിക്കും.
ഇന്നലെ കേസ് പരിഗണിക്കവെ, അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കം ഒരുനിലയ്ക്കും അംഗീകരിക്കില്ലെന്ന നിലപാടാണ് സുപ്രിംകോടതി തുടക്കംമുതല്‍ സ്വീകരിച്ചത്. ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഒരു ഘട്ടത്തില്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്യാനും തയാറെടുത്തു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത, ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്താല്‍ അത് രാജ്യാന്തരതലത്തില്‍ ചര്‍ച്ചയാവുകയും സര്‍ക്കാരിന് ക്ഷീണമാകുകയുംചെയ്യും.
അതാണോ കോടതി ആഗ്രഹിക്കുന്നതെന്നും തുഷാര്‍മേത്ത ചോദിച്ചു. ഇതോടെ, ഉത്തരവ് സ്‌റ്റേചെയ്യുന്നതില്‍ നിന്ന് കോടതി താല്‍ക്കാലികമായി പിന്‍വാങ്ങി. റോഹിംഗ്യകളെ നാടുകടത്തരുതെന്ന് സര്‍ക്കാരിനോട് കോടതി വാക്കാല്‍ പറയുകയുംചെയ്തു. രാജ്യാന്തര പ്രതികരണങ്ങള്‍ പരിഗണിച്ച് ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തുന്നില്ലെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. എന്തെങ്കിലും കുറ്റംകണ്ടാല്‍ നിങ്ങള്‍ നടപടിയെടുത്തുകൊള്ളുക. പക്ഷേ, ഇപ്പോള്‍ അവരെ പുറത്താക്കരുത്- ചീഫ്ജസ്റ്റിസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ കുട്ടികളും വൃദ്ധരും സ്ത്രീകളും രോഗികളും അടങ്ങുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ സംരക്ഷിക്കാനും രാജ്യാന്തര ഉടമ്പടികള്‍ പാലിക്കാനും ഇന്ത്യക്ക് കഴിയുമോയെന്നു സുപ്രിംകോടതി ചോദിച്ചിരുന്നു. റോഹിംഗ്യകളെ നാടുകടത്താനുള്ള നീക്കം തങ്ങളുടെ ഭരണപരമായ തീരുമാനം ആണെന്നും അതില്‍ സുപ്രിംകോടതി ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഇവര്‍ ഇന്ത്യയില്‍ തുടരുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അഭയാര്‍ഥികളില്‍ ചിലര്‍ക്ക് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായും ബന്ധമുണ്ടെന്നുമാണ് സര്‍ക്കാരിന്റെ ആരോപണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.