2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

റോയല്‍ ജയത്തോടെ ബാംഗ്ലൂര്‍ പ്ലേഓഫില്‍

റായ്പൂര്‍: ഐ.പി.എല്ലിലെ നിര്‍ണായക പോരില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ആറുവിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സെമിയിലെത്തി. ഡല്‍ഹി ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 11 പന്ത് ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലി(54*) ഒരിക്കല്‍ കൂടി ടീമിനെ മുന്നില്‍ നിന്ന് നയിച്ച് വീരനായകനായി. ലോകേഷ് രാഹുല്‍(38) മികച്ച പിന്തുണ നല്‍കി. ക്രിസ് ഗെയ്ല്‍(1) ഡിവില്ല്യേഴ്‌സ്(6) വാട്‌സന്‍(14) എന്നിവരാണ് ടീമിന്റെ മറ്റു സ്‌കോറര്‍മാര്‍.

നേരത്തെ ജയിച്ചാല്‍ സെമി എന്ന ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹിക്ക് അതിനൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചില്ല. ക്വിന്റണ്‍ ഡി കോക്ക്(60) മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.
ടോസ് നേടിയ ബാംഗ്ലൂര്‍ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ അവരുടെ തുടക്കം പാളി. ഋഷഭ് പന്ത്(1) പെട്ടെന്ന് മടങ്ങി. പിന്നീടെത്തിയ കരുണ്‍ നായര്‍(11) സഞ്ജു സാംസണ്‍(17) സാം ബില്ലിങ്‌സ്(4) എന്നിവര്‍ക്ക് കിട്ടിയ തുടക്കം മുതലാക്കാനായില്ല. കരുണിനെയും സാംസണെയും മടക്കി ചാഹലാണ് ഡല്‍ഹിയെ ഞെട്ടിച്ചത്. ബില്ലിങ്‌സിന് ശേഷമെത്തിയ പവാന്‍ നെഗി(6) ടീമിന്റെ സ്‌കോര്‍ പിന്നോട്ടടിക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്.

കാര്‍ലോസ് ബ്രാത്ത്‌വൈറ്റ(1)ും പരാജയപ്പെട്ടതോടെ ടീം ആറിന് 98 എന്ന നിലയില്‍ തകര്‍ന്നു. അര്‍ധസെഞ്ച്വറി നേടിയ ശേഷം അധികം മുന്നേറാന്‍ ഡി കോക്കിന് സാധിച്ചില്ല. 52 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അവസാന നിമിഷം ക്രിസ് മോറിസ്(27*) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീം സ്‌കോര്‍ 130 കടത്തിയത്.
ബാംഗ്ലൂര്‍ നിരയില്‍ ചാഹല്‍ മൂന്നുവിക്കറ്റെടുത്തപ്പോള്‍ ക്രിസ് ഗെയ്ല്‍ രണ്ടും അരവിന്ദ്, ജോര്‍ദാന്‍ എന്നിവരും ഓരോ വിക്കറ്റും നേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.