2018 May 26 Saturday
ഒരു നന്‍മ അറിയിച്ചുകൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെപ്പോലെയാണ്
മുഹമ്മദ് നബി (സ)

റോഡ് കൈയേറ്റത്തിനെതിരേ നടപടി ശക്തമാക്കി ജില്ലാ ഭരണകൂടം കൈയേറ്റക്കാര്‍ സ്വയം പൊളിച്ചുമാറ്റിത്തുടങ്ങി

തൊടുപുഴ: റോഡ് കായേറ്റത്തിനെതിരേ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങവെ കൈയ്യേറ്റക്കാര്‍ സ്വമേധയാ പൊളിച്ചുമാറ്റിത്തുടങ്ങി. തൊടുപുഴ ടൗണിലെ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി രണ്ടാം ദിവസവും പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തിയതോടെയാണ് കൈയ്യേറ്റക്കാര്‍ പിന്‍വാങ്ങിത്തുടങ്ങിയത്. ഇന്നലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുമ്പിലെ വ്യാപാരികള്‍ കൈയ്യേറി നിര്‍മ്മിച്ചിരുന്ന ഭാഗങ്ങള്‍ സ്വയം പൊളിച്ചുമാറ്റി.
റോഡ് കയ്യേറി സ്ലാബുകളിട്ടും കോണ്‍ക്രീറ്റ് കൂനകള്‍ സ്ഥാപിച്ചും റോഡിലേക്ക് ഇറക്കി ഷീറ്റിട്ടും മേഞ്ഞെടുത്ത കെട്ടിടങ്ങളും ഉള്‍പ്പെടെ പൊളിച്ചുനീക്കുന്ന ഊര്‍ജിത നടപടികളാണ് പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കം കുറിച്ച് ചൊവ്വാഴ്ച മൂവാറ്റുപുഴ റോഡില്‍ ജില്ലാ അതിര്‍ത്തിയായ അച്ചന്‍കവലമുതല്‍ വെങ്ങല്ലൂര്‍വരെയുള്ള ഭാഗത്തെ കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി.
റോഡിനായി അളന്നുതിരിച്ചു വീതി കൂട്ടിയെടുത്തിരുന്ന റോഡ് ഭാഗങ്ങളില്‍ ചിലര്‍ സ്വന്തം സ്ഥലത്തേക്കു കയറുന്നതിനായി സ്ലാബിട്ടും, വേറെ ചിലര്‍ കോണ്‍ക്രീറ്റ് ഇട്ട് ഉയര്‍ത്തിയും റോഡില്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ചിലര്‍ സ്വന്തം സ്ഥലത്തുനിന്നു പൊതുവഴിയിലേക്ക് ഇറക്കി കെട്ടിടങ്ങളുടെ മേല്‍ക്കൂര നിര്‍മിച്ചാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. കൂടാതെ റോഡില്‍ കല്ലു കൂട്ടിയിട്ടും അനധികൃതമായി ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചും ഗതാഗത തടസ്സം ഉണ്ടാക്കുന്നുണ്ട്. ഇത്തരം കയ്യേറ്റങ്ങളും ഇതോടൊപ്പം ഒഴിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റെടുത്തു നിര്‍മിച്ച റോഡാണ് ചില സ്വകാര്യ വ്യക്തികളും മറ്റും കയ്യേറി സ്വന്തമാക്കിയിരിക്കുന്നത്.
ഇതു പല റോഡുകളിലും ഗതാഗത തടസ്സവും അപകടങ്ങളും വരുത്തുന്നുണ്ട്. ഇതിനു പുറമെയാണ് റോഡില്‍ കൊണ്ടു വന്നിടുന്ന കല്‍ക്കൂനകള്‍. ചിലര്‍ സ്വന്തം ആവശ്യത്തിനായി കല്ലും മറ്റും ഇറക്കിയിട്ടാല്‍ പണി കഴിഞ്ഞു മിച്ചം വരുന്ന കല്ലും മെറ്റലും മറ്റും റോഡരികില്‍നിന്നു മാറ്റാതെ കിടക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. ഇത്തരം കല്‍ക്കൂനകളിലും മെറ്റല്‍ക്കൂനകളിലും തട്ടി ഇരുചക്ര വാഹനയാത്രക്കാരും മറ്റും അപകടത്തില്‍പ്പെടുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. ചില റോഡില്‍ പൊതുമരാമത്ത് അധികൃതര്‍ കെട്ടിയിരുന്ന സംരക്ഷണ ഭിത്തിക്കു മുകളില്‍ ചിലര്‍ സ്വന്തം വീടിനും മറ്റും മതില്‍കെട്ടിയെടുത്തിട്ടുമുണ്ട്. ഇത്തരം കയ്യേറ്റങ്ങള്‍മൂലം പല റോഡിലും ഗതാഗത തടസ്സവും അപകടങ്ങളും പതിവാകുന്നുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളും കൊടിമരങ്ങളും സ്മാരകങ്ങളും മറ്റും നിര്‍മിക്കുന്നതും പൊതുവഴി കയ്യേറിയാണ്.
ഇതെല്ലാം ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. മറ്റു പല പ്രധാന റോഡുകളിലും വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റെടുത്തപ്പോഴുള്ള വീതി പലഭാഗത്തും ഇല്ല. ഇതെല്ലാം പലരും മതിലുകെട്ടിയും കയ്യാലവച്ചുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരം കയ്യേറ്റങ്ങളും പൊളിച്ചുനീക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. അനധികൃത കയ്യേറ്റങ്ങളെ തുടര്‍ന്നു നിലവില്‍ പല പ്രധാന റോഡുകള്‍ക്കും വീതി നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു നടപടിയുമായി അധികൃതര്‍ രംഗത്തുവന്നത്. പത്താം തീയതിക്കകം അനധികൃത കയ്യേറ്റങ്ങള്‍ സ്വയം പൊളിച്ചു നീക്കണമെന്നും അല്ലെങ്കില്‍ ഇവയെല്ലാം പൊളിച്ചുനീക്കുമെന്നും പൊതുമരാമത്ത് അസി. എക്‌സി. എന്‍ജിനീയര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അനധികൃത കയ്യേറ്റങ്ങളും റോഡരികിലെ നിര്‍മാണങ്ങളും പൊളിച്ചുനീക്കുന്ന ജോലികള്‍ ആരംഭിച്ചത്.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.