2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റോഡും പൊതുസ്ഥലവും കൈയേറാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

ഫറോക്ക്: കോര്‍പറേഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ റോഡും പൊതുസ്ഥലവും കൈയേറാന്‍ ശ്രമിച്ചെന്നാരോപിച്ചു നാട്ടുകാരുടെ പ്രതിഷേധം. കൊളത്തറ റഹ്മാന്‍ ബസാറില്‍ നിന്ന് തൊണ്ടിലക്കടവ്, മീന്‍പൊയില്‍ ഭാഗത്തേക്കു പോകുന്ന റോഡിന്റെ സമാന്തരമായുള്ള ഉപയോഗശൂന്യമായ റോഡും അതിനോടു ചേര്‍ന്നുള്ള സ്ഥലവും കൗണ്‍സിലറുടെ നേതൃത്വത്തില്‍ വളച്ചുകെട്ടാനുള്ള ശ്രമം നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു.
വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന റോഡിനു സമാന്തരമായി പുതിയ റോഡ് നിര്‍മിച്ചതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി കിടന്ന റോഡും സ്ഥലവുമാണ് പാര്‍ക്ക് നിര്‍മിക്കാനെന്നു പറഞ്ഞു വളച്ചുകെട്ടാന്‍ ശ്രമിച്ചത്. ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെ സംഘം സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. തുടര്‍ന്ന്, നല്ലളം പൊലിസ് സ്ഥലത്തെത്തി നിര്‍മാണം തടയുകയും ഇരുകൂട്ടരെയും പിരിച്ചുവിടുകയും ചെയ്തു. ഇന്നലെ രാവിലെ വീണ്ടും മതില്‍കെട്ടാന്‍ ശ്രമം നടത്തിയതാണു നാട്ടുകാരെ കൂടുതല്‍ പ്രകോപിച്ചത്. നാട്ടുകാരും മതില്‍ കെട്ടാന്‍ വന്നവരും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടയില്‍ പൊലിസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും പിരിച്ചുവിടുകയായിരുന്നു. കൗണ്‍സിലറുടെ നേതൃത്വത്തില്‍ പൊതുസ്ഥലം കൈയേറിയെന്നാരോപിച്ചു നാട്ടുകാര്‍ റഹ്മാന്‍ ബസാറില്‍ പ്രതിഷേധ പ്രകടനം നടത്തി. പാര്‍ക്ക് നിര്‍മിക്കാനാണെന്നു പറഞ്ഞാണു പൊതുറോഡിനോടു ചേര്‍ന്നുള്ള സ്ഥലം വളച്ചുകെട്ടാന്‍ ശ്രമം നടത്തിയത്. കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് വളച്ചുകെട്ടുന്നതെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞത്. ഇന്നലെ വൈകിട്ട് നല്ലളം എസ്.ഐ റിയാസ് ചാക്കീരി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സ്ഥലം കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ളതാണെന്നതിനു രേഖ ആവശ്യപ്പെട്ടു. എന്നാല്‍ കോര്‍പറേഷന്‍ 43-ാം ഡിവിഷന്‍ കൗണ്‍സിലര്‍ എം. മൊയ്തീന്‍ എന്ന ബാവ റോഡ് വളച്ചുകെട്ടാനായി നല്‍കിയ കത്തല്ലാതെ മറ്റൊരു രേഖയും മതില്‍കെട്ടാനെത്തിയവരുടെ പക്കലുണ്ടായിരുന്നില്ല. തുടര്‍ന്ന്, രണ്ടു ദിവസത്തിനകം രേഖ ഹാജരാക്കാനും അതുവരെ തല്‍സ്ഥിതി തുടരാനും ആവശ്യപ്പെട്ടു.
സുബ്രഹ്മണ്യന്‍, കാട്ടുങ്ങല്‍ അബ്ദുറഹ്മാന്‍, ടി. ശഫ്‌നാസ്, എന്‍.സി റഷീദ്, പാലോറ ബിച്ചിക്കോയ, വി. അഷ്‌റഫ്, മണി എം, വി.പി ബഷീര്‍, എം. പ്രദീപ്കുമാര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.