2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

റോഡില്‍ കെട്ടിക്കിടന്ന മലിനജലം തുറന്നുവിട്ടതിനെ ചൊല്ലി സംഘര്‍ഷം: മൂന്ന് സ്ത്രീകള്‍ ആശുപത്രിയില്‍

 

ശ്രീകാര്യം: വെള്ളക്കെട്ടായി കിടക്കുന്ന കാര്യവട്ടം കുറ്റിച്ചല്‍ ശാസ്താ റോഡില്‍ വെള്ളമൊഴുക്കിവിടുന്നതിനെച്ചൊല്ലി നടന്ന സംഘര്‍ഷത്തില്‍ സ്ഥലവാസികളായ മൂന്ന് സ്ത്രീകള്‍ക്ക് പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം.
ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധം വെള്ളക്കെട്ടായി കിടക്കുന്ന ഈ റോഡില്‍ പണ്ട് മുതലേ ഓടയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇവിടത്തെ ഒരു വീട്ടുകാര്‍ ചാക്കില്‍ കോണ്‍ക്രീറ്റ് നിറച്ച് ഓട സ്ഥിരമായി അടയ്ക്കാറുണ്ടെന്നാണ് ആക്ഷേപം. മലിനജലം കെട്ടിക്കിടക്കുന്നത് മൂലം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം ഓട തുറന്ന് ജലം ഒഴുക്കി വിട്ടിരുന്നു.
അര്‍ധരാത്രിയില്‍ അതെ വീട്ടുകാര്‍ വീണ്ടും ഓട അടച്ചതോടെ രാവിലെ അത് ചോദിക്കാനെത്തിയ നാട്ടുകാരെ പ്രകോപനം കൂടാതെ വീട്ടുടമയായ സ്ത്രീയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു എന്നാണ് നാട്ടുകാര്‍ ശ്രീകാര്യം പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
നൂറ്റമ്പതോളം വരുന്ന പ്രദേശവാസികള്‍ പ്രതിഷേധവുമായി ശ്രീകാര്യം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.
കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.