2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

റോഡപകടങ്ങള്‍ കുറയ്ക്കാനായി പുതിയ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 

പ്രത്യേക പരിശീലനം നേടിയവരെ നിയമിക്കും

കോഴിക്കോട്: സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി ‘കേരള സേവ് ‘ പ്രൊജക്ട് പദ്ധതി ആരംഭിച്ചതായി ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രന്‍. ഇതിന്റെ ഭാഗമായി 53 പുതിയ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളെ നിയമിച്ചു കഴിഞ്ഞു. തൃശൂര്‍ പൊലിസ് അക്കാദമിയില്‍ ഇവര്‍ക്കുള്ള പ്രത്യേക പരിശീലനം നടക്കുകയാണ്. 24ന് പരിശീലനം പൂര്‍ത്തിയാകും. മറ്റ് ട്രാഫിക് പൊലിസുകാര്‍ക്ക് ലഭിച്ചതിനെക്കാള്‍ മികച്ച പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് ടൗണ്‍ ഹാളില്‍ നടത്തിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല രീതിയില്‍ നിര്‍മിച്ച റോഡുകളിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. അശ്രദ്ധയും അമിതവേഗവും മാത്രമാണ് ഇതിന് കാരണം. ചെറുപ്പക്കാര്‍ വളരെ സാഹസികമായാണ് വാഹനങ്ങള്‍ പ്രത്യേകിച്ചും ബൈക്ക് ഓടിക്കുന്നത്. ഇത്തരം യാത്രകള്‍ മരണത്തിലേക്ക് നയിക്കുന്നു. നിയമങ്ങള്‍ അനുസരിക്കുന്നതിനേക്കാള്‍ ലംഘിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. എല്ലാ വര്‍ഷവും 4,000 ത്തോളം ആളുകള്‍ കേരളത്തില്‍ വാഹനാപകടങ്ങളില്‍ മരണപ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018ല്‍ 4111 ആളുകള്‍ മരണപ്പെട്ടു. ഒരു ദിവസം ശരാശരി 12 ആളുകളെങ്കിലും സംസ്ഥാനത്ത് മരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ട്രോമ കെയര്‍ സൊസൈറ്റി പ്രസിഡന്റ് പ്രദീപ് കുമാര്‍ റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിറ്റി പൊലിസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വി.സുരേഷ് കുമാര്‍ പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.