2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ കുന്നുകൂടുന്നു ആധാര്‍ ബന്ധിപ്പിക്കല്‍ അനിശ്ചിതത്വത്തില്‍

മണ്ണാര്‍ക്കാട്: പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷകള്‍ സപ്ലൈ ഓഫീസുകളില്‍ കുന്നുകൂടുന്നു. റേഷന്‍ കാര്‍ഡ് സംബന്ധിച്ചുളള വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് നിരവധി പേരാണ് ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷകള്‍ ഓഫീസുകളിലും വെബ് സൈറ്റിലും കുന്നുകൂടി കിടക്കുന്നു എന്നല്ലാതെ ഒരാള്‍ക്കും ഇതുവരെ ഒരു പുതിയ റേഷന്‍ കാര്‍ഡ് നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ തുടങ്ങിയ പദ്ധതിയാണ് അവതാളത്തിലായിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തില്‍ തുടങ്ങിയ ഓണ്‍ ലൈന്‍ സംവിധാനം തുടങ്ങിയിരുന്നു.
അക്ഷയ-ഇ-സെന്റര്‍ മുഖേനെയാണ് മുഖ്യമായും അപേക്ഷകള്‍ സമര്‍പ്പിച്ചു വരുന്നത്. എന്നാല്‍ വെബ് സൈറ്റില്‍ ഓപ്പണ്‍ പോര്‍ട്ട് വഴിയും അപേക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ അവസാന ആഴ്ചയില്‍ സപ്ലൈ ഓഫീസ് ജീവനക്കാര്‍ ഓരോ പഞ്ചായത്ത് തലത്തിലും ക്യാമ്പ് ചെയ്ത് ശേഖരിച്ച ആയിരക്കണക്കിന് അപേക്ഷകള്‍ ഒന്നും ചെയ്യാതെ ഓഫീസുകളില്‍ കെട്ടി കിടക്കുന്ന സഹചര്യമാണുളളത്. ഇതിനോടകം ഓരോ സപ്ലൈ ഓഫീസുകളിലും 10000 മുതല്‍ 15000 വരെയുളള അപേക്ഷകളുണ്ടെന്നാണ് അറിയുന്നത്.
ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് അവര്‍ അപേക്ഷ നല്‍കുമ്പോള്‍ കൊടുത്ത മൊബൈല്‍ നമ്പറിലേക്ക് അതാത് സപ്ലൈ ഓഫീസുകളില്‍ നിന്ന് മെസേജ് വന്നാല്‍ പ്രസ്തുത തിയ്യതി രേഖകളും കുടുംബനാഥനും നേരിട്ട് ഹാജരാകണമെന്നാണ്. എന്നാല്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ മൊബൈലില്‍ മെസേജ് നോക്കി കുഴങ്ങിയ സഹചര്യമാണ്.
പുതുതായി ലഭിച്ച റേഷന്‍ കാര്‍ഡില്‍ ഇനിയും അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിക്കാനുണ്ട്. ഇതിനുവേണ്ടിയും ആയിരക്കണക്കിന് അപേക്ഷകളാണ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കിയിരിക്കുന്നത്. റേഷന്‍ സംവിധാനം ഇ – പോസ് രീതിയിലേക്ക് മാറിയതോടെ ആധാര്‍ ബന്ധിപ്പിക്കാന്‍ നല്‍കിയ അപേക്ഷകളൊന്നും തന്നെ നാളിതുവരെയായി വെബ് സൈറ്റില്‍ കയറിയിട്ടില്ല. വെബ് സൈറ്റ് സംവിധാനത്തിന്റെ പാകപിഴവാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.
മിക്കറേഷന്‍ കാര്‍ഡിലും ഒന്നോ രണ്ടോ പേരുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ഇപ്പോഴും ബന്ധിപ്പിച്ചിട്ടൊളളു. റേഷന്‍ കാര്‍ഡ് പുതുക്കാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അഞ്ചില്‍ പരം തവണ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ വിവിധ ഘട്ടങ്ങളിലായി ഉപഭോക്താക്കള്‍ റേഷന്‍ കടകളില്‍ നല്‍കിയിരുന്നു. ഇതൊന്നും തന്നെ വെബ് സൈറ്റില്‍ കയറിയിട്ടില്ല. നിലവില്‍ റേഷന്‍ കടകളിലൂടെയും കാര്‍ഡിലെ അംഗങ്ങളുടെ ബയോമെട്രിക് സംവിധാനമായ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ സൗകര്യമുണ്ടെങ്കിലും അതൊന്നും തന്നെ ഡീലര്‍മാര്‍ ചെയ്യാനും തയ്യാറാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.