
കാസര്‍കോട്: റെയില്‍വേ പൊലിസിന്റെ വഴിമുടക്കി കൂട്ടിയിട്ട മരത്തടികള്‍. റെയില്‍വേ സ്റ്റേഷന് വളപ്പില്‍നിന്ന് മുറിച്ച് മാറ്റിയ മരത്തടികളാണ് പൊലിസിന്റെ വഴിമുടക്കിയിരിക്കുന്നത്. പൊലിസ് സ്റ്റേഷന്റെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍ നീക്കുന്നത് സാങ്കേതിക പ്രശ്നം മൂലം തടസപ്പെട്ടതാണ് റെയില്‍വേ പൊലിസിന് പൊല്ലാപ്പായത്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലിസ് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന കൂറ്റന്‍ മരം ഒരാഴ്ച മുന്‍പാണ് മുറിച്ച് മാറ്റിയത്. റെയില്‍വേ സ്റ്റേഷനും പൊലിസ് സ്റ്റേഷനും ഭീഷണിയായ മരം സാഹസികമായാണ് തൊഴിലാളികള്‍ മുറിച്ച് മാറ്റിയത്. മറ്റ് വഴികളില്ലാത്തതിനാല്‍ പൊലിസ് സ്റ്റേഷന്റെ മുന്നില്‍ തന്നെ മരം മുറിച്ചിടുകയായിരുന്നു. വലിയ മരത്തടികളായതിനാല് സ്റ്റേഷനിലേക്ക് പരാതിക്കാര്‍ക്കും പൊലിസുകാര്‍ക്കും കയറിയിറങ്ങുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
വലിയ ക്രെയിന്‍ കൊണ്ടുവന്നാല്‍ മാത്രമേ മരത്തടികള്‍ ഇവിടെ നിന്ന് മാറ്റാന്‍ കഴിയുകയുള്ളൂ. വലിയ ക്രെയിന്‍ റെയില്‍വേ പ്ലാറ്റ് ഫോമിലേക്ക് കയറ്റുന്നതിനുള്ള അനുമതി റെയില്‍വേയുടെ ഉന്നതതലങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ല. ഈ സാങ്കേതിക പ്രശ്നമാണ് മരത്തടികള്‍ മാറ്റുന്നതിന് തടസമായിരിക്കുന്നത്.
മരത്തടികള്‍ നീക്കാന്‍ ക്രെയിന്‍ പ്ലാറ്റ്ഫോമിലെത്തിക്കാന്‍ റെയില്‍വേ പൊലിസ് സ്റ്റേഷനോട് ചേര്‍ന്ന കമ്പിവേലി പൊളിച്ച് മാറ്റണം. ട്രെയിനുകള്‍ സര്‍വിസ് നടത്തുമ്പോള്‍ പ്ലാറ്റ്ഫോമില്‍ ക്രെയിന്‍ കയറ്റിയാലുള്ള അപകട ഭീതിയും റെയില്‍വേയുടെ ഇന്റര്‍നെറ്റ് സൗകര്യവും തടസപ്പെടുന്നതുമാണ് പ്രശ്നം. ഇത്തരം കാര്യങ്ങളെല്ലാം പരിശോധന നടത്തിയ ശേഷമേ മരത്തടികള്‍ മാറ്റുന്നതിന് ക്രെയിന്‍ പ്ലാറ്റ്ഫോമില്‍ കയറ്റുന്നതിനുള്ള അനുമതി നല്‍കുകയുള്ളൂ.
അതുവരെ മരത്തടികള്‍ പൊലിസിന്റെ വഴിമുടക്കി പൊലിസ് സ്റ്റേഷന് മുന്നില്‍ തന്നെ കിടക്കും. വലുതും ചെറുതുമായ മരത്തടികള്‍ പൊലിസിന്റെ വഴിമുടക്കിയപ്പോള്‍ ചെറിയ മരത്തടികള്‍ പൊലിസും തൊഴിലാളികളും മറ്റും ചേര്‍ന്ന് ചുമന്ന് അവിടെ നിന്ന് മാറ്റി.