2017 December 10 Sunday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

റെക്കോര്‍ഡ് ഡബിളുമായി ഉഷയുടെ പ്രിയ ശിഷ്യ

പൂനെ: ഒളിംപ്യന്‍ പി.ടി ഉഷയുടെ പ്രിയ ശിഷ്യ അബിത മേരി മാനുവല്‍ റെക്കോര്‍ഡ് നേട്ടവുമായി സ്‌കൂള്‍ മീറ്റിനോടു വിട ചൊല്ലി. തൊട്ടതെല്ലാം പൊന്നാക്കിയാണ് അബിതയുടെ മടക്കം. ഇന്നലെ 800 മീറ്ററില്‍ റെക്കോര്‍ഡ് തിളക്കത്തില്‍ സ്വര്‍ണം നേടിയതോടെ സീനിയര്‍ വിഭാഗത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും റെക്കോര്‍ഡ് സൃഷ്ടിച്ച താരമെന്ന നേട്ടം കൈവരിച്ചാണ് അബിത മേരി മാനുവല്‍ പൂനെയിലെ ബാലേവാഡി സ്റ്റേഡിയത്തില്‍ നിന്നു മടങ്ങുന്നത്.
തന്റെ അവസാന സ്‌കൂള്‍ അത്‌ലറ്റിക്ക് മീറ്റിനെത്തിയ അബിത കഴിഞ്ഞ ദിവസം 400 മീറ്ററിലും റെക്കോര്‍ടെ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന മീറ്റില്‍ 1500 മീറ്ററില്‍ റെക്കോര്‍ഡ് പ്രകടനത്തോടെ അബിത സ്വര്‍ണം നേടി. 4- 400 മീറ്റര്‍ റിലേയില്‍ റെക്കോര്‍ഡ് നേടിയ കേരള ടീമിലും അബിതയായിരുന്നു ആങ്കര്‍. ഈ മീറ്റിലെ ഏക റെക്കോര്‍ഡ് ഡബിളും അബിതയുടെ പേരില്‍ തന്നെ.
ഉഷയുടെ കണ്ടെത്തലായ അബിതയുടെ വീടും ഉഷാ സ്‌കൂളിനു സമീപം തന്നെ. ഇന്നലെ 800 മീറ്ററില്‍  സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തന്നെയാണ് അബിത തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 2.8.69 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇത്തവണ 2.08.53 സെക്കന്റായി അബിത തിരുത്തിയത്. തമിഴ്‌നാടിന്റെ എല്‍ സമ്യശ്രീ 2.13.69 സെക്കന്റില്‍ വെള്ളിയും ഡല്‍ഹിയുടെ അങ്കിത ചഹല്‍ 2.15.06 സെക്കന്റില്‍ വെങ്കലവും നേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.