2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

റീ ബില്‍ഡ് കേരള; നടപടികള്‍ വേഗത്തിലാക്കണമെന്ന് കലക്ടര്‍

ആലപ്പുഴ: കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ആനുകൂല്യ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കലക്ടറുടെ കര്‍ശന നിര്‍ദ്ദേശം.
ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ പ്രളയാനന്തര ആനുകൂല്യ വിതരണം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത തദ്ദേശ സ്വയഭരണ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും നിര്‍ദേശപ്രകാരം എത്രയും പെട്ടെന്ന് പ്രളയത്തില്‍ ദുരിതം അനുഭവിച്ച പരമാവധി ആളുകള്‍ക്ക് ആനൂകൂല്യം നല്‍കേണ്ടതുണ്ട്. നിയമങ്ങളും ചട്ടങ്ങളും അര്‍ഹര്‍ക്ക് അര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ചേര്‍ത്തല മുനിസിപ്പാലിറ്റിയുടെയും 18 പഞ്ചായത്തുകളിലെയും 15 ശതമാനം മുതല്‍ 100 ശതമാനം വരെ പ്രളയം മൂലം നാശനഷ്ടം സംഭവിച്ച വീടുകളുടെ വിവരം കലക്ടര്‍ പ്രത്യേകമായി ചോദിച്ച് അവലോകനം നടത്തി.
റീബിള്‍ഡ് കേരളയുടെ ഭാഗമായി പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച ചേന്നം പള്ളിപ്പുറം, എഴുപുന്ന പഞ്ചായത്തുകളെ കലക്ടര്‍ അഭിനന്ദിച്ചു. പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന അരൂര്‍ (23 കേസുകള്‍) കഞ്ഞിക്കുഴി, വയലാര്‍ (72 കേസുകള്‍), തണ്ണീര്‍മുക്കം (116കേസുകള്‍) തുടങ്ങിയ പഞ്ചായത്തുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടപടികള്‍ നിര്‍വഹിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ലിസ്റ്റ് തഹസില്‍ദാര്‍ക്ക് നല്‍കണം. കുടിശിക ജോലികള്‍ പൂര്‍ത്തിയാക്കി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
അരൂര്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എത്തിയ ഉദ്യോഗസ്ഥയോട് യോഗത്തില്‍ അരൂര്‍ പഞ്ചായത്ത് സെക്രട്ടറി പങ്കെടുക്കാത്തതിനുള്ള അതൃപ്തി കലക്ടര്‍ അറിയിക്കുകയും സെക്രട്ടറി കലക്ടറെ നേരില്‍ കാണുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 75 ശതമാനത്തിനു മുകളില്‍ ഭവന നാശം സംഭവിച്ച ഗുണഭോക്താക്കള്‍ക്ക് അവരവരുടെ പേരില്‍ ഭൂമിയില്ലെന്ന കാരണത്താല്‍ അപേക്ഷകള്‍ തള്ളേണ്ടതില്ലെന്നും ആ വ്യക്തികള്‍ക്ക് തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മറ്റ് അവകാശികളില്‍ നിന്നും സമ്മതപത്രം മുദ്രപത്രത്തില്‍ വാങ്ങി തുക അനുവദിക്കുവാനും തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.