2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

റിയോയിലേക്ക് സുശീലോ, നരസിങോ? സമവായത്തിനായി ഫെഡറേഷന്‍

ന്യൂഡല്‍ഹി: 74 കിലോ വിഭാഗം പുരുഷന്‍മാരുടെ ഗുസ്തിയില്‍ ഇന്ത്യക്കായി ആരു മത്സരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഗുസ്തി ഫെഡറേഷന്‍ സമവായ ശ്രമങ്ങളുമായി രംഗത്ത്. കഴിഞ്ഞ വര്‍ഷം ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ യോഗ്യതാ മാര്‍ക്ക് പിന്നിട്ട നരസിങ് പഞ്ചം യാദവും ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കു ഒരു വെള്ളിയും വെങ്കലവും സമ്മാനിച്ച സുശീല്‍ കുമാറുമാണ് 74 കിലോ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവകാശവാദവുമായി നില്‍ക്കുന്നത്. ഇരുവരും തമ്മിലുള്ള പോരാട്ടം സംഘടിപ്പിച്ച് അതില്‍ വിജയിക്കുന്നയാളെ റിയോയിലേക്ക് അയക്കാനുള്ള ആലോചനയിലാണ് റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ.

ഈ വിഭാഗത്തില്‍ ഇന്ത്യക്ക് ഒരു ക്വാട്ടയേ ഒഴിവുള്ളു. എന്നതിനാല്‍ തങ്ങള്‍ തമ്മിലുള്ള മത്സരം നടത്തി വിജയിക്കുന്ന ആളെ റിയോയില്‍ മത്സരിപ്പിക്കണമെന്നാണ് സുശീലിന്റെ ആവശ്യം. എന്നാല്‍ താന്‍ മുന്‍പേ യോഗ്യത ഉറപ്പാക്കിയതിനാല്‍ ഇനിയൊരു യോഗ്യതാ പോരാട്ടത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് നരസിങ്. തന്റെ ആവശ്യം പരിഗണിക്കാന്‍ ഫെഡറേഷന്‍ തയ്യാറായില്ലെന്നു ചൂണ്ടിക്കാട്ടി സുശീല്‍ കുമാര്‍ കായിക മന്ത്രാലയത്തിനു കത്തയച്ചിരുന്നു.

ഇതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കായിക മന്ത്രാലയം എടുക്കട്ടേയെന്ന നിലപാടാണ് ഫെഡറേഷന്‍ സ്വീകരിച്ചത്. സുശീല്‍ കുമാര്‍ മത്സരിക്കാന്‍ യോഗ്യനാണെന്ന വ്യക്തമാക്കിയ ഫെഡറേഷന്‍ സമവായമെന്ന നിലയിലാണ് ഇരുവരും തമ്മില്‍ മത്സരിച്ച് ജയിക്കുന്നയാളെ റിയോയിലേക്ക് അയക്കുകയെന്ന തീരുമാനം കൈക്കൊള്ളാന്‍ ആലോചിക്കുന്നത്.
2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലവും 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയും നേടിയ താരമാണ് സുശീല്‍. നരസിങ് 2012ല്‍ മത്സരിച്ചെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.