2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റ് കൂട്ടാന്‍ നിരവധി കലാകാരന്മാരും

ജിദ്ദ: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ മാറ്റ് കൂട്ടാന്‍ നിരവധി കലാകാരന്മാരും കലാകാരികളും. സഊദി സിനിമാ മേഖലയിലെ മുന്‍നിര പ്രതിഭകളായ അബ്ദുല്ല അല്‍മുഹൈസിന്‍, ഇബ്രാഹിം അല്‍ഖാദി, സഅദ് ഖിദ്ര്, ഹൈഫാ അല്‍മന്‍സൂര്‍, ഇബ്രാഹിം അല്‍ഹസ്സാവി, ദിവംഗതരായ സഅദ് അല്‍ഫരീഹ്, ഖലീല്‍ അല്‍റവാഫ് എന്നിവരെയും പുരസ്‌കാരത്തിന് അര്‍ഹമായ കൃതികളുടെ രചയിതാക്കളായ ഡോ. അബ്ദുല്ല അല്‍മുഫ്‌ലിഹ്, മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍സുരൈഅ്, മഖ്ബൂല്‍ അല്‍അലവി, ഹസന്‍ അല്‍സ്വല്‍ഹബി, സ്വാലിഹ് അല്‍നഫീസ, മുഹമ്മദ് അല്‍നദീര്‍ എന്നിവരെയും ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് ഡെപ്യൂട്ടി സാംസ്‌കാരിക മന്ത്രി ബഹ്‌റൈന്‍ പവലിയന്‍ സന്ദര്‍ശിച്ചു. മുപ്പതു രാജ്യങ്ങളില്‍നിന്നുള്ള 913 പ്രസാധാകരും 1750 സ്ഥാപനങ്ങളും വകുപ്പുകളും പങ്കെടുക്കുന്ന റിയാദ് ബുക്‌ഫെയറില്‍ അഞ്ചു ലക്ഷത്തോളം ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളാണുള്ളത്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ബുക്‌ഫെയറിനിടെ ഇരുനൂറിലേറെ സംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

62 സെമിനാറുകളും പ്രഭാഷണങ്ങളും സാംസ്‌കാരിക മജ്‌ലിസ് പരിപാടിയുടെ ഭാഗമായി പതിമൂന്നു സെഷനുകളും നാലു നാടകങ്ങളുടെ പ്രദര്‍ശനങ്ങളും 18 സഊദി ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനങ്ങളും 29 സാങ്കേതിക ശില്‍പശാലകളും റിയാദ് ബുക്‌ഫെയറിനോടനുബന്ധിച്ച് നടക്കും.

സന്ദര്‍ശകരുടെ മുന്നില്‍ രചയിതാക്കള്‍ക്ക് തങ്ങളുടെ പുസ്തകങ്ങളില്‍ ഒപ്പുവെച്ച് നല്‍കുന്നതിന് മൂന്നു പ്ലാറ്റ്‌ഫോമുകളും സജ്ജീകരിച്ചിട്ടുണ്ട്. ബുക്‌ഫെയറിനിടെ 267 രചയിതാക്കള്‍ തങ്ങളുടെ കൃതികളില്‍ ഒപ്പുവെച്ചു നല്‍കും. മീഡിയ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന റിയാദ് ബുക്‌ഫെയറില്‍ ഓരോ വര്‍ഷവും ഒരു രാജ്യത്തെ വിശിഷ്ടാതിഥി രാജ്യമെന്നോണം തെരഞ്ഞെടുക്കാറുണ്ട്.
വിശിഷ്ടാതിഥിയെന്നോണം പങ്കെടുക്കുന്ന രാജ്യത്തിന് തങ്ങളുടെ നാടിന്റെ ചരിത്രവും സംസ്‌കാരവും സാഹിത്യവും പരിചയപ്പെടുത്തുന്നതിന് വലിയ പവിലിയന്‍ അനുവദിക്കും. ബുക്‌ഫെയറിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറുകളിലും കലാപരിപാടികളിലും വിശിഷ്ടാതിഥി രാജ്യത്തിന് പ്രത്യേക പരിഗണനയുണ്ടാകും.

റിയാദ് ബുക്‌ഫെയറില്‍ 11 രാജ്യങ്ങള്‍ക്കാണ് ഇതുവരെ വിശിഷ്ടാതിഥി പദവി ലഭിച്ചത്. ജപ്പാന്‍, ബ്രസീല്‍, സെനഗല്‍, ഇന്ത്യ, സ്വീഡന്‍, മൊറോക്കൊ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ഗ്രീസ്, മലേഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് വിശിഷ്ടാതിഥി രാജ്യമെന്നോണം റിയാദ് ബുക്‌ഫെയറില്‍ മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.