
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഉംറ തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് രണ്ടു പേര് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ നഗരിയായ ജുബൈലില്‍ നിന്നും ഉംറയ്ക്ക് പോയ രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഉംറക്ക് ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം. കാര്‍ റിയാദില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെ ബുറൈദ റോഡില്‍ വച്ചാണ് അപകടം.
ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മംഗലാപുരം സ്വദേശി അബ്ബാസ്(28) , അദ്ദേഹത്തിന്റെ ഉമ്മ എന്നിവരാണ് മരിച്ചത്. മൂന്നു മാസം മുന്‍പ് വിവാഹം കഴിഞ്ഞ അബ്ബാസ് അടുത്തിടെയാണ് കുടുംബത്തെ വിസിറ്റിംഗ് വിസയില്‍ കൊണ്ടുവന്നത്. പിതാവും ഭാര്യയും പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ മലപ്പുറം വാവൂര് സ്വദേശി അബ്ദുല്‍കബീര്‍, ഭാര്യ, രണ്ട് കുട്ടികള്‍ എന്നിവര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 90 ദിവസം പ്രായമായ മറ്റൊരു കൂട്ടി തൊട്ടടുത്ത ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
യാത്രക്കിടെ റോഡിലെ ഡിവൈഡറില്‍ തട്ടിയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാണെന്നാണറിയുന്നത്. മുന്‍ സീറ്റിലിരുന്ന ഡ്രൈവറും അബ്ബാസിന്റെ പിതാവും സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് രക്ഷപ്പെട്ടത്. സെന്‍ട്രല്‍ സീറ്റിലായിരുന്ന ഉമ്മയും അബ്ബാസും ഇടിയുടെ ആഘാതത്തില്‍ തലയിടിച്ചാണ് മരിച്ചത്.