2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

റിപബ്ലിക് ദിനപരേഡിന്റെ നേര്‍ക്കാഴ്ചകള്‍; പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ ആദിവാസി ദമ്പതികള്‍

ബഷീര്‍ മാടാല

അഗളി : ഇക്കഴിഞ്ഞ റിപബ്ലിക് ദിനപരേഡിന്റെ നേര്‍ക്കാഴ്ചകള്‍ കണ്ട് മടങ്ങിയെത്തിയ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവായി യുവാവും ഭാര്യയും ഊരിലെ താരമായി. ഇവര്‍ക്ക് ഊരുനിവാസികളോട് ഡല്‍ഹി വിശേഷങ്ങള്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. ഡല്‍ഹിയില്‍ വി.ഐ.പി പരിഗണനയോടെ തങ്ങള്‍ക്ക് ലഭിച്ച ഊഷ്മള വരവേല്‍പ്പിന്റെ ആവേശം ഇരുവര്‍ക്കും മാറിയിട്ടില്ല. ഡെല്‍ഹി യാത്ര കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ദമ്പതികള്‍ അഗളിയില്‍ തിരിച്ചെത്തിയത് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനപരേഡ് വീക്ഷിക്കാന്‍ അതിഥികളായി കുറുമ്പവിഭാഗത്തില്‍ നിന്നുള്ള ആദിവാസി ദമ്പതികളേയാണ് തെരഞ്ഞെടുത്തിരുന്നത്. അട്ടപ്പാടിയിലെ മേലേ തുടുക്കി ആദിവാസി ഊര് മൂപ്പനായ മുരുകനും ഭാര്യ മിനിമോളുമാണ് കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ ഗോത്രവര്‍ഗക്കാര്‍ ഡല്‍ഹിയില്‍ അതിഥികളായി എത്തിയിരുന്നു. റിപബ്ലിക് ദിന ചടങ്ങുകള്‍ക്ക് ശേഷം ഡല്‍ഹി കാഴ്ചകള്‍ കണ്ട് ചെയ്ത യാത്രകളെക്കുറിച്ചാണ് ഇവര്‍ക്ക് ഏറെ പറയാനുള്ളത്. റിപ്പബ്ലിക് ദിനചടങ്ങുകളില്‍ പങ്കെടുക്കാനായത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്നും യാത്ര അത്രക്ക് ഹൃദ്യമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ആദ്യമായി നടത്തിയ വിമാനയാത്രയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആളുകളെ നേരിട്ടുകാണാന്‍ കഴിഞ്ഞതും വേറിട്ട അനുഭവമായിരുന്നു. റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതും മറ്റ് നിരവധി മന്ത്രിമാരെ നേരിട്ടുകാണാന്‍ കഴിഞ്ഞതും ഒരുനല്ല സ്വപ്നം പോലെ തോന്നുന്നുവെന്ന് മിനിമോള്‍ സുപ്രഭാതത്തോട് പറഞ്ഞു. ഡല്‍ഹിയിലെ തണുപ്പ്കാലം നന്നായി ആസ്വദിച്ചു. അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മനസ്സുവിഷമിച്ചെന്നും മിനിമോളുടെ സാക്ഷ്യം. ആദിവാസി ദമ്പതികള്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ ഡല്‍ഹിയില്‍ പിടിപാടുള്ള വി.ഐ.പികളാണെന്ന നിലയില്‍ തങ്ങളെ പരിഗണിക്കുന്നുവെന്നും തമാശയായി ആദിവാസി മൂപ്പന്‍ വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.