2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാരുടെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

കിളിമാനൂര്‍: റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാരെ തലക്കടിച്ച് കൊലപ്പെടുത്തുകയും അവരുടെ ഭര്‍ത്താവിനെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ പ്രതി കിളിമാനൂര്‍ പുല്ലയില്‍ കടമുക്ക് ദിലീപ് ഭവനില്‍ ദിലീപി(43)ന് ജീവപര്യന്തം.
തിരുവനന്തപുരം രണ്ടാം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.കെ.രാജനാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ കൊലപാതക ശ്രമത്തിന് അഞ്ചു വര്‍ഷവും, കവര്‍ച്ചക്ക് പത്ത് വര്‍ഷവും, അതിക്രമിച്ചു കടന്നതിന് അഞ്ച് വര്‍ഷവും വീതം തടവിനും എഴുപതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2014 ഒക്ടോബര്‍ ഒമ്പതിനായിരുന്നു സംഭവം. കിളിമാനൂര്‍ പുല്ലയില്‍ പേഴുവിള എം എസ് പാലസില്‍ റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശൈലജ (57)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് മോഹന്‍ കുമാറിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവര്‍ വീടിനോടു ചേര്‍ന്ന് എം .എസ് ഫൈനാന്‍സിയേഴ്‌സ് എന്ന പണമിടപാട് സ്ഥാപനം നടത്തിയിരുന്നു. ഇവിടെ കമ്മല്‍ പണയം വെക്കാനെന്ന വ്യാജേന എത്തിയ പ്രതി ബാഗില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ടാണ് ആക്രമണം നടത്തിയത്. ആദ്യം മോഹന്‍കുമാറിനെയും പിന്നീട് കിടപ്പ് മുറിയില്‍ ഉണ്ടായിരുന്ന ശൈലജയെയും ആക്രമിക്കുകയായിരുന്നു. ശൈലജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു .ഗുരുതരമായി പരുക്കേറ്റ മോഹന്‍കുമാറിന് മാസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു.
സംഭവം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലിസ് പിടികൂടി .കേസിലെ 91 സാക്ഷികളില്‍ 38 പേരെ വിസ്തരിച്ചു . 293 തൊണ്ടി മുതലുകളും 63 രേഖകളും ഹാജരാക്കി .എഴുപതിനായിരം രൂപയും 738 ഗ്രാം സ്വര്‍ണവും പ്രതി കവര്‍ന്നെടുത്തിരുന്നു. ഈ സ്വര്‍ണം ഇയാളുടെ വീട്ടില്‍ നിന്നു പൊലിസ് കണ്ടെടുത്തു.
ആറ്റിങ്ങല്‍ ഡി വൈ എസ് പി ആയിരുന്ന പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ് .അമ്മിണികുട്ടനും, എസ്.ഷാജിയുമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് .പ്രോസിക്യൂഷന് വേണ്ടി അഡ്വ .എം ഹാഷിം ബാബുവും,ഡി .ജി.റെക്‌സും കോടതിയില്‍ ഹാജരായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News