2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

റാഫേല്‍: സി.എ.ജിക്ക് മോദിയോട് വിധേയത്വമെന്ന് കോണ്‍ഗ്രസ്

 

 

ന്യൂഡല്‍ഹി: ധനകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന റാഫേല്‍ ഇടപാടിനെക്കുറിച്ച് ഇപ്പോള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായ രാജിവ് മെഹര്‍ഷി എങ്ങനെ സത്യസന്ധമായ റിപ്പോര്‍ട്ട് തയാറാക്കുമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂറു പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ആയ രാജിവ് മെഹര്‍ഷി. ഇദ്ദേഹം തയാറാക്കുന്ന റിപ്പോര്‍ട്ട് എങ്ങനെ സത്യസന്ധമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. അതേസമയം, ഇത്തരം ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയാണെന്നും അവര്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും കപില്‍ സിബല്‍ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രാജിവ് മെഹര്‍ഷി, മോദി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കാന്‍ ശ്രമം നടത്തുന്നതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണം. ചിലപ്പോള്‍ ഞങ്ങള്‍ പ്രതിപക്ഷത്തായിരിക്കും, ചിലപ്പോള്‍ ഭരണപക്ഷത്തും. പ്രധാനമന്ത്രിയോട് അതിരുകവിഞ്ഞ കൂറും വിധേയത്വവും കാട്ടുന്ന ഉദ്യോഗസ്ഥരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മറ്റെന്തിനേക്കാളും ഭരണഘടനയാണ് വലുതെന്ന് അവര്‍ ഓര്‍മിക്കണം- കപില്‍ സിബല്‍ പറഞ്ഞു.

റാഫേല്‍ ഇടപാട് നടക്കുന്ന കാലത്ത് ഇപ്പോഴത്തെ സി.എ.ജി ആയ രാജിവ് മെഹര്‍ഷി ആയിരുന്നു ധനകാര്യ സെക്രട്ടറി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് റാഫേല്‍ ഇടപാടുകള്‍ മുഴുവന്‍ നടന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തയാറാക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ പൂര്‍ണമായും കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുകയെന്നും സിബല്‍ ആരോപിച്ചു. അഴിമതി നിറഞ്ഞതാണ് റാഫേല്‍ ഇടപാട്. ഇതുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണം നടക്കണം. ഇന്ന് സമര്‍പ്പിക്കാനിരിക്കുന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണുള്ളതെന്ന് സര്‍ക്കാരിന് മുന്‍കൂട്ടി അറിയാമെന്നും അദ്ദേഹം പറഞ്ഞു. 36 വിമാനങ്ങള്‍ക്കായി ഒപ്പുവച്ച റാഫേല്‍ ഇടപാടില്‍ ദേശീയ താല്‍പര്യത്തോടും ദേശീയ സുരക്ഷയോടും കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുകയാണെന്നും കപില്‍ സിബല്‍ ആരോപിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.