2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

റാഫേല്‍: റിലയന്‍സിനെ പങ്കാളിയാക്കാന്‍ വ്യവസ്ഥ

 

പാരീസ്: ഫ്രാന്‍സുമായി യുദ്ധ വിമാനക്കരാര്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനുമായുള്ള കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നുള്ള കര്‍ശന നിര്‍ദേശം ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഹൊളാന്തെയും ഇതേരീതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നേരത്തെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത് സംബന്ധിച്ച് ആരോപണം ഉന്നയിച്ചെങ്കിലും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ വ്യക്തമായ ഒരു വെളിപ്പെടുത്തലുകളും നടത്താതിരുന്നത് കരാറിന്റെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഫ്രഞ്ച് മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.
അതേസമയം, ഇടപാടിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരാറിലേക്കു നയിച്ച നടപടികള്‍ അറിയിക്കുന്നതിനൊപ്പം ഈ മാസം 29 ന് ഇതുസംബന്ധിച്ച രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതായതിനാല്‍ ഹരജി തള്ളണമെന്ന കേന്ദ്ര ആവശ്യം കോടതി നിരസിച്ചു. പ്രധാനമന്ത്രിയെ എതിര്‍കക്ഷിയാക്കിയാണു ഹരജിയെങ്കിലും ഇപ്പോള്‍ പ്രധാനമന്ത്രിക്കു നോട്ടിസയക്കില്ല.
കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനെവാല, അഭിഭാഷകരായ വിനീത് ദാണ്ഡെ, എം.എല്‍ ശര്‍മ്മ എന്നിവര്‍ നല്‍കിയ മൂന്നുഹരജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. അഴിമതിയാരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണു സര്‍ക്കാര്‍ വാദം. റാഫേല്‍ വിഷയത്തിലുള്ളത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള രാജ്യാന്തര കരാറാണ്. അതില്‍ ഇടപെടരുതെന്നു അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
എന്നാല്‍, സര്‍ക്കാരിന്റെ ഈ വാദങ്ങള്‍ മുഖവിലക്കെടുക്കാതിരുന്ന കോടതി ഈ ഘട്ടത്തില്‍ പ്രധാനമന്ത്രിക്കു നോട്ടിസയക്കുന്നില്ലെങ്കിലും കരാറിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി കൈക്കൊള്ളാമെന്ന നിലപാടിലെത്തുകയായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിക്കു പരിശോധിക്കേണ്ടതുണ്ടെന്നും ഫ്രാന്‍സുമായി കരാറിലൊപ്പിടാന്‍ എങ്ങനെയാണ് തീരുമാനമെടുത്തതെന്നും അതിന്റെ നടപടികള്‍ എന്തൊക്കെ സ്വീകരിച്ചുവെന്ന് അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങും സുപ്രിംകോടതിയില്‍ ഹരജി നല്‍കി. റാഫേല്‍ ഇടപാട് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്നാണ് ആവശ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.