2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

റാഫേല്‍ കേസില്‍ കോടതി കേന്ദ്രത്തെ വെള്ളം കുടിപ്പിക്കുന്നു

കെ.എ സലിം

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുകയും പൊതുമണ്ഡലത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത റാഫേല്‍ രേഖകളില്‍ എന്ത് രഹസ്യമാണ് ബാക്കിയെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചിലെ അംഗം സഞ്ജയ് കൃഷ്ണ കൗളിന്റേതാണ് ചോദ്യം.
പൊതുമണ്ഡലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണെങ്കിലും റാഫേല്‍ പുനഃപരിശോധനാ ഹരജിക്കൊപ്പം സമര്‍പ്പിക്കപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടതായതിനാല്‍ പരിഗണിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
അഴിമതി, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍പോലും കോടതിയില്‍ പങ്കുവയ്‌ക്കേണ്ടതാണെന്നും അതൊക്കെ വെളിപ്പെടുത്തണമെന്ന് വിവരാവകാശനിയമത്തിലുണ്ടെന്നും ജസ്റ്റിസ് കെ.എം ജോസഫും ചൂണ്ടിക്കാട്ടി. വാദം പൂര്‍ത്തിയായ കേസ് വിധി പറയാനായി മാറ്റി.
പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതിരോധ കരാറുകളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ടാവാറുണ്ടെന്നും ഇതൊക്കെ പരസ്യമാണെന്നും ഹരജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. രേഖകള്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദം തെറ്റാണ്. സര്‍ക്കാരിന് രാജ്യസുരക്ഷയല്ല, മറ്റെന്തോ ആശങ്കയാണ്. ഇത്തരം ഘട്ടങ്ങളില്‍ രാജ്യസുരക്ഷയേക്കാള്‍ പ്രാധാന്യം പൊതുതാല്‍പര്യമാണെന്ന് ജസ്റ്റിസ് എസ്.പി ഗുപ്ത വ്യക്തമാക്കിയതാണ്. ഇപ്പോള്‍ പരിഗണിക്കരുതെന്നു പറയുന്ന രേഖകള്‍ ഹരജിക്കൊപ്പം നല്‍കിയതാണ്.
ടൂ ജി, കല്‍ക്കരിക്കേസുകള്‍ അന്വേഷിച്ച സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ വീട്ടില്‍ ചില നേതാക്കള്‍ എത്തിയതുമായി ബന്ധപ്പെട്ട കേസിലും അഴിമതി പുറത്തുവിട്ടവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിയതുമാണ്.
നിയമവിരുദ്ധമായി സമ്പാദിച്ച തെളിവുകള്‍ കോടതിക്ക് അംഗീകരിക്കാം. പെന്റഗണ്‍ പേപ്പേഴ്‌സ് കേസില്‍ വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ യു.എസ് സുപ്രിംകോടതി മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
രാജ്യസുരക്ഷാവാദം തള്ളിയായിരുന്നു ഇത്. പുറത്തുവരാത്ത രേഖകളുമായി ബന്ധപ്പെട്ട തെളിവ് നിയമത്തിലെ 123ാം വകുപ്പ് ഇവിടെ ബാധകമല്ല. പുറത്തുവന്ന രേഖകളൊന്നും രാജ്യസുരക്ഷയെ ബാധിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. രേഖകള്‍ യഥാര്‍ഥമെന്ന് സമ്മതിച്ച അറ്റോര്‍ണി ജനറലിനോട് നന്ദിയുണ്ടെന്ന് ഹരജിക്കാരിലൊരാളായ അരുണ്‍ ഷൂരി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.