2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Editorial

റാഫേല്‍: ഇനി സത്യം പുറത്തുവരും


 

ആദായനികുതി വകുപ്പിനെ ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളുടെയും അവരെ സഹായിക്കുന്നവരുടെയും ഓഫിസുകളും വീടുകളും വ്യാപകമായി റെയ്ഡു ചെയ്തു രാഷ്ട്രീയ പ്രതികാരം തീര്‍ത്തുകൊണ്ടിരിക്കെ നരേന്ദ്രമോദി സര്‍ക്കാരിന് സുപ്രിംകോടതിയില്‍ നിന്നും തെരഞ്ഞെടുപ്പു കമ്മിഷനില്‍ നിന്നും കനത്ത ആഘാതം കിട്ടിയിരിക്കുകയാണ്. റാഫേല്‍ യുദ്ധവിമാന ഇടപാട് കേസിലെ വിധി പുനഃപരിശോധിക്കണമെന്ന ഹരജിക്കൊപ്പം ഹാജരാക്കിയ രഹസ്യരേഖകള്‍ പരിഗണിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രിംകോടതി തള്ളിയതാണ് ഒരു തിരിച്ചടി.

മറ്റൊന്ന്, കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നരേന്ദ്രമോദി നടത്തിയ പ്രസംഗമാണ്. പുല്‍വാമയില്‍ വീരചരമം പ്രാപിച്ച ജവാന്മാര്‍ക്കും ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കുമായി വോട്ടു സമര്‍പ്പിക്കണമെന്ന പ്രസംഗം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കാണിച്ചു മഹാരാഷ്ട്രയിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ തെരഞ്ഞെടുപ്പു കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇനിയുമൊരു തിരിച്ചടി, തെരഞ്ഞെടുപ്പു പ്രചാരണത്തിന് ‘പി.എം നരേന്ദ്രമോദി’ എന്ന സിനിമ ഉപയോഗിക്കാനുള്ള ശ്രമം കമ്മിഷന്‍ തടഞ്ഞതാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞുകൊണ്ടിരിക്കുന്ന ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന ആരോപണം സത്യത്തോട് അടുക്കുകയാണെന്നു വേണം സുപ്രിംകോടതി വിധിയില്‍നിന്നു മനസിലാക്കാന്‍. നേരത്തേ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ച് റാഫേല്‍ ഇടപാടില്‍ കുറ്റകരമായിട്ടൊന്നുമില്ലെന്നു സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനുശേഷം മാധ്യമങ്ങളിലൂടെ പുറത്തുവന്ന അതിനിര്‍ണായകമായ രേഖകള്‍ ഉയര്‍ത്തിക്കാണിച്ചു സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജിയിലാണു സുപ്രിംകോടതി പുതിയ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.

ഹിന്ദു ദിനപത്രവും കാരവന്‍ മാസികയും ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ വയറും പുറത്തുവിട്ട രേഖകള്‍ പരിഗണിക്കാതിരിക്കാന്‍ കോടതിക്കായില്ല. ആ രേഖകള്‍ മാധ്യമങ്ങള്‍ മോഷ്ടിച്ചതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഇവ ഔദ്യോഗിക രഹസ്യ നിയമത്തെ ലംഘിക്കുന്നതാണെന്നും രേഖകള്‍ പുറത്തുവരുന്നതു ദേശീയസുരക്ഷ അപകടത്തിലാക്കുമെന്നൊക്കെയുള്ള അറ്റോര്‍ണി ജനറലിന്റെ വാദങ്ങള്‍ കോടതി തള്ളി. ‘അഴിമതിയാരോപിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദേശീയസുരക്ഷയില്‍ അഭയം തേടുന്നതെങ്ങനെ’യെന്ന ജസ്റ്റിസ് കെ.എം ജോസഫിന്റെ പ്രാഥമിക വിചാരണവേളയിലെ പ്രതികരണം കേന്ദ്രസര്‍ക്കാരിനു കിട്ടിയ തിരിച്ചടി തന്നെയാണ്.
സര്‍ക്കാര്‍ (സോവറിന്‍) ഗാരന്റിയോ ബാങ്ക് ഗാരന്റിയോ ഇല്ലാതെ ഫ്രാന്‍സിന്റെ ‘ലെറ്റര്‍ ഓഫ് കംഫര്‍ട്ട്’ കരാറുണ്ടാക്കിയത് ആശങ്കാജനകമെന്നും ഇടപാടു സംബന്ധിച്ചു കൂടിയാലോചിച്ചു തീരുമാനമെടുക്കുന്നതിനു ശ്രമമുണ്ടായില്ലെന്നും ഐ.എന്‍.ടിയുടെ കരട് റിപ്പോര്‍ട്ടില്‍ ക്രമക്കേടു വരുത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നും വില സംബന്ധിച്ച് ആഭ്യന്തര യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്നും വ്യോമസേനാ ആസ്ഥാനത്ത് തയാറാക്കിയ കരടു റിപ്പോര്‍ട്ടില്‍ വിലയുടെ കാര്യം കൂട്ടിച്ചേര്‍ത്തുവെന്നുമാണ് ഒന്നാമത്തെ രേഖയില്‍ പറയുന്നത്.

അതീവഗുരുതരമായ ആരോപണമാണു രണ്ടാമത്തെ രേഖയിലുള്ളത്. വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ക്കു വിരുദ്ധമായി പ്രധാനമന്ത്രിയുടെ ഓഫിസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇടപെട്ടുവെന്നും സോവറിന്‍ ഗാരന്റി, ബാങ്ക് ഗാരന്റി മധ്യസ്ഥചര്‍ച്ച (ആര്‍ബിട്രേഷന്‍) ആവശ്യമെങ്കില്‍ എവിടെവച്ചു എന്നീ കാര്യങ്ങള്‍ വ്യോമസേനയെ മറികടന്ന് അജിത്‌ഡോവല്‍ സ്വന്തംനിലയ്ക്കു 2016 ജനുവരി 12നും 13നും ചര്‍ച്ച ചെയതുവെന്നുമാണു രണ്ടാമത്തെ രേഖയില്‍.
പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ചര്‍ച്ച നടത്തിയെന്നും ഇതിനാല്‍ പ്രതിരോധമന്ത്രാലയവും ഇന്ത്യന്‍ സംഘവും ഫ്രാന്‍സുമായി നടത്തിയ ചര്‍ച്ച ദുര്‍ബലപ്പെട്ടുവെന്നും ഇത്തരം നടപടികളില്‍നിന്നു പ്രധാനമന്ത്രിയുടെ ഓഫിസിനെ പിന്തിരിപ്പിക്കാന്‍ പ്രതിരോധമന്ത്രാലയം ഇടപെടണമെന്നും കാണിച്ചു പ്രതിരോധമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി എസ്.കെ ശര്‍മ 2015 നവംബര്‍ 11ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് നല്‍കിയ കത്താണു മൂന്നാമത്തെ രേഖ.

ഇതില്‍നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്. രാഹുല്‍ഗാന്ധി ആരോപിക്കുന്നതുപോലെ 30,000 കോടി അനില്‍ അംബാനിക്ക് അഴിമതിയിലൂടെ നേടിക്കൊടുത്തുവെന്നു വേണം കരുതാന്‍. ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖയെന്ന പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ മൂന്നുരേഖകളും ഉണ്ടായിരുന്നില്ല എന്നതില്‍നിന്ന് അഴിമതി കോടതിയുടെ ശ്രദ്ധയില്‍നിന്നു മറച്ചുവയ്ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടന്നുവെന്നും വ്യക്തം.

എന്‍. റാമിനെപ്പോലുള്ള, അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ട രേഖകള്‍ അവിശ്വസിക്കേണ്ടതില്ലെന്നു കോടതി കരുതിക്കാണണം. അതിനാലാണ് ഇതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ പറ്റില്ലെന്നു കോടതി പറഞ്ഞിട്ടുണ്ടാവുക. മാധ്യമസ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യവുമായി ഒത്തുപോകുന്നതാണെന്ന കോടതി നിരീക്ഷണവും ശ്രദ്ധേയമാണ്. ദേശീയസുരക്ഷയുടെ പേരു പറഞ്ഞു നടത്തിയ വമ്പന്‍ അഴിമതി സുപ്രിംകോടതിയുടെ പുനര്‍വിചാരണയിലൂടെ പുറത്തുവരുമെന്നു തന്നെ കരുതാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.