2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

റാഫേല്‍ ഇടപാടില്‍ ആഗോള അഴിമതിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ യുദ്ധ വിമാന ഇടപാടുമായി നടന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കഴിഞ്ഞ ദിവസം റാഫേല്‍ ഇടപാടില്‍ തെറ്റായ കാര്യങ്ങള്‍ ഒന്നും നടന്നില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെ തള്ളിയാണ് രാഹുല്‍ വീണ്ടും തന്റെ ആരോപണം ശക്തമാക്കിയത്.
അടുത്ത ദിവസങ്ങളിലായി കരാറുമായി ബന്ധപ്പെട്ട പലരുടേയും പേരുവിവരങ്ങള്‍ പുറത്തുവരുമെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കിയിട്ടുണ്ട്. ഇടപാട് വലിയ സ്‌ഫോടനാത്മകമായ അന്തരീക്ഷമാണ് ഉണ്ടാക്കുക. റിലയന്‍സ് മേധാവി അനില്‍ അംബാനിയുടെ പങ്ക് ഇക്കാര്യത്തില്‍ വ്യക്തമാക്കാന്‍ മോദി തയാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടയിലാണ് ഇടപാട് വഴി വന്‍ അഴിമതി നടന്നുവെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നത്.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്‍പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇത് അനുവദിച്ചില്ല.
അതിനിടയില്‍ റാഫേല്‍ ഇടപാടുമായി പുതിയ ചില വെളിപ്പെടലുകളും ഉണ്ടായിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിന് രണ്ട് ദിവസം മുന്‍പ് ഡല്‍ഹിയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോലാന്ദേയുമായി 36 യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
ഈ കരാറുമായി ബന്ധപ്പെട്ട് റിലയന്‍സ് കമ്പനി ഒലാന്ദേയുടെ കാമുകിയും നടിയുമായ ജൂലി ഗയാത്തയുമായി സിനിമാ നിര്‍മാണത്തിനുള്ള കരാറിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.