
മോസ്കോ: ആണവ ക്രൂയിസ് മിസൈല്‍ വിക്ഷേപിക്കാനുള്ള ഒരുക്കത്തിനിടെ ആണവ എന്ജിന് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട അഞ്ച് ശാസ്ത്രജ്ഞന്മാരുടെയും മൃതദേഹം കനത്ത സുരക്ഷയോടെ സംസ്കരിച്ചു. എന്നാല്‍ ഏഴു പേര് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നിരവധിപേര്‍ക്കു പരുക്കുണ്ട്.
അതേസമയം മിസൈല്‍ പരീക്ഷണ സ്ഥലത്തു നിന്ന് 30 കി.മീ ദൂരെ വരെ ശക്തമായ ആണവ വികിരണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഗാമാ കിരണങ്ങള്‍ മാനദണ്ഡപ്രകാരമുള്ളതിന്റെ നാലു മുതല്‍ 16 ഇരട്ടി ശക്തിയോടെ പുറത്തേക്കു വന്നതായി കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ റോസ്ഗിഡ്രോമെറ്റ് അറിയിച്ചു. എന്നാല്‍ ഇതില്‍ പേടിക്കാനൊന്നുമില്ലെന്നാണ് റഷ്യയിലെ റോസാറ്റം ആണവ ഏജന്‍സി പ്രതികരിച്ചത്. മിസൈലിന് ഐസോടോപ് ശക്തി നല്‍കുന്നതിനിടെയുണ്ടായ സ്ഫോടനത്തിന്റെ ശക്തിയില്‍ ജീവനക്കാര്‍ സമീപത്തെ കടലിലേക്ക് തെറിക്കുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.
അതിനിടെ സമീപത്തെ ഗ്രാമത്തിലുള്ളവരോട് സ്ഥലം വിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം ഇത് ഈവര്‍ഷം പ്രസിഡന്റ് പുടിന് പ്രഖ്യാപിച്ച 9എം730 ബുറെവസ്റ്റ്നിക് ആണവ ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിനിടെയായിരുന്നു അപകടമെന്ന് അമേരിക്കന്‍ വിദഗ്ധര്‍ പറഞ്ഞു. അതിനിടെ സ്ഫോടനത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ മനസ്സിലായെന്നും യു.എസിന്റെ പക്കല്‍ ഇതുപോലുള്ള കൂടുതല്‍ സാങ്കേതിക മികവുള്ള മിസൈലുകളുണ്ടെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
2018 മാര്‍ച്ച് ഒന്നിനാണ് പുടിന് പുതിയ ആണവ മിസൈലിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. യു.എസിന്റെ ബാലിസ്റ്റിക് മിസൈലുകളെ നേരിടാന്‍ ശേഷിയുള്ള ആയുധമെന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ശീതയുദ്ധകാലത്ത് റഷ്യയുമായുണ്ടാക്കിയ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെ തുടര്‍ന്നാണ് റഷ്യ പുതിയ ആയുധം വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ മാരകശേഷിയുള്ള ആണവ മിസൈലിനെ മിനി ചെര്‍ണോബില്‍ എന്നാണ് റഷ്യന്‍ പത്രമായ നൊവായ ഗസറ്റെ വിശേഷിപ്പിച്ചത്.