2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

റഷ്യന്‍ വിമാനാപകടം മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

  • എല്ലാവരും മരിച്ചതായി ഉറപ്പായി
  • കണ്ടെത്തിയത് ഏതാനും മൃതദേഹങ്ങള്‍ മാത്രം
  • ഒരു ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു

മോസ്‌കോ: റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുണ്ടായ വന്‍ അപകടത്തില്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. മൂന്നു കുട്ടികളും രണ്ടു വിദേശികളും അടക്കം ഏതാനും പേരുടെ മൃതദേഹമാണ് ഇതിനകം കണ്ടെത്താനായത്.
വിമാനം തകര്‍ന്നുവീണത് മഞ്ഞുമൂടിയ വനപ്രദേശത്ത് ആയതിനാല്‍ മൃതദേഹങ്ങള്‍കണ്ടെത്താന്‍ ആഴ്ചകളെടുക്കുമെന്നാണു വിവരം. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 71 പേരും കൊല്ലപ്പെട്ടതായി ഉറപ്പായിട്ടുണ്ട്.
റഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ദുരന്തമാണു കഴിഞ്ഞ ദിവസം നടന്നത്. അപകടകാരണം അന്വേഷിക്കാനായി പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രശ്‌നം, പൈലറ്റിനു സംഭവിച്ച പിഴവ്, വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നം എന്നിങ്ങനെ മൂന്നു കാരണങ്ങളാണു സംശയിക്കുന്നത്.
ഏതാനും ആഴ്ചയായി രാജ്യത്ത് കനത്ത മഞ്ഞുവീഴ്ചയാണു നേരിടുന്നത്. ഇതായിരിക്കാം ഒരുപക്ഷെ അപകടത്തിലേക്കു നയിച്ചതെന്നും കരുതപ്പെടുന്നുണ്ട്. നേരത്തെ, ജീവനക്കാര്‍ ഒരു തരത്തിലുമുള്ള സൂചനകള്‍ നല്‍കാത്തതിനാല്‍ ഭീകരാക്രമണം അടക്കമുള്ള മറ്റു കാരണങ്ങളെ കുറിച്ച് ബന്ധപ്പെട്ടവര്‍ സംശയിക്കുന്നില്ല.
വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍നിന്ന് അപകടകാരണം വ്യക്തമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. പരിസരത്തെ സി.സി.ടി.വി കാമറയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഒരു തീഗോളം ഭൂമിയില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാത്രമാണുള്ളത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു റഷ്യയെ നടുക്കിയ വിമാന ദുരന്തം സംഭവിച്ചത്. തലസ്ഥാനമായ മോസ്‌കോയിലെ ദോമോദേദോവോ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അര്‍ഗുനോവോ എന്ന ഗ്രാമത്തില്‍ തകര്‍ന്നുവീണത്. മോസ്‌കോയില്‍നിന്ന് 70 കി.മീറ്റര്‍ അകലെയുള്ള 74 ഏക്കറോളം വരുന്ന വനപ്രദേശത്താണ് കസഖിസ്താന്‍ അതിര്‍ത്തിക്കടുത്തുള്ള ഉറല്‍സിലെ ഓസ്‌കിലേക്കു തിരിച്ച ആന്റനോവ് എ.എന്‍ 148 വിമാനം തകര്‍ന്നുവീണത്.
ഇവിടെ ഇപ്പോഴും മഞ്ഞുവീഴ്ച തുടരുകയാണ്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആയിരത്തോളം പേര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വിമാനത്തില്‍ 65 യാത്രികരും ആറു ജീവനക്കാരും അടക്കം 71 പേരാണുണ്ടായിരുന്നത്.
ആഭ്യന്തര സര്‍വിസ് നടത്തുന്ന സരാട്ടോവ് എയര്‍ലൈന്‍സിന്റേതാണ് വിമാനം. വിമാനം പറന്നുയര്‍ന്ന് ഏറെ വൈകാതെ തന്നെ ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിറകെയാണ് അപകടം സംഭവിച്ചത്.
വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഓട്ടോമാറ്റിക് ഡിപ്പന്‍ഡന്‍ഡ് സര്‍വൈലന്‍സ്-ബ്രോഡ്കാസ്റ്റ് (എ.ഡി.എസ്-ബി) സിഗ്‌നലുകള്‍ നഷ്ടപ്പെടുകയായിരുന്നു.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.