2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

റയലിനും ബാഴ്‌സയ്ക്കും തകര്‍പ്പന്‍ ജയം

അത്‌ലറ്റിക്കോ തോറ്റു, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ലെയ്‌സ്റ്റെറും ജയിച്ചു
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ വമ്പന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കി. ബാഴ്‌സ എതിരില്ലാത്ത അഞ്ചു ഗോളിന് എസ്പാന്യോളിനെ തകര്‍ത്തപ്പോള്‍ റയല്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് വലന്‍സിയയെ പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍ കിരീടം പോരാട്ടം കനത്ത ലീഗില്‍ മറ്റൊരു വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് ലെവാന്റെയോട് തോറ്റു. തോല്‍വിയോടെ ടീമിന്റെ കിരീട പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.എസ്പാന്യോളിനെതിരേ ലൂയി സുവാരസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ ലയണല്‍ മെസി, റഫീന, നെയ്മര്‍ എന്നിവര്‍ സ്വന്തമാക്കി. വലന്‍സിയക്കെതിരേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡബിളാണ് ടീമിനെ ജയത്തിലെത്തിച്ചത്. ശേഷിച്ച ഗോള്‍ ബെന്‍സേമ സ്വന്തമാക്കി. ലെവാന്റെയ്‌ക്കെതിരേ ഫെര്‍ണാണ്ടോ ടോറസ് നേടിയ ഗോളില്‍ തുടക്കം മുതല്‍ ലീഡെടുത്തെങ്കിലും വിക്ടര്‍ കസാഡസ്, ഗുസെപ്പോ റോസി എന്നിവരുടെ ഗോളിന് മറുപടി നല്‍കാന്‍ അത്‌ലറ്റിക്കോക്ക് സാധിച്ചില്ല.
മറ്റു മത്സരങ്ങളില്‍ സെല്‍റ്റ ഡി വിഗോ എതിരില്ലാത്ത ഒരു ഗോളിന് മലാഗയെയും ഗ്രനാഡ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഗ്രനാഡയെയും ഡിപോര്‍ട്ടീവോ എതിരില്ലാത്ത രണ്ടു ഗോളിന് വിയ്യാറലിനെയും പരാജയപ്പെടുത്തി.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ വമ്പന്‍മാരായ ലിവര്‍പൂളും ലെയ്‌സ്റ്റെര്‍ സിറ്റിയും വമ്പന്‍ ജയം സ്വന്തമാക്കി. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി- ആഴ്‌സണല്‍ മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു. ലെയ്‌സ്റ്റെര്‍ സിറ്റി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് എവര്‍ട്ടണെ തകര്‍ത്തത്. ജാമി വാര്‍ഡി ഇരട്ട ഗോള്‍ നേടി. അതേസമയം ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് വാറ്റ്‌ഫോര്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. അലന്‍, റോബര്‍ട്ട് ഫിര്‍മിനോ എന്നിവര്‍ ടീമിനായി ഗോള്‍ നേടി.
സിറ്റി-ആഴ്‌സണല്‍ മത്സരത്തില്‍ സിറ്റിക്കായി സെര്‍ജിയോ അഗ്യെറോ, ഡിബ്രൂയിന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആഴ്‌സണലിനായി ജിറൂദ്, സാഞ്ചെസ് എന്നിവര്‍ ഗോള്‍ നേടി.
മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സതാംപ്ടന്‍ പരാജയപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.