
റമദാന് ഗ്രന്ഥപ്പെരുമകളുടെ മാസവിശേഷമാണ്. റമദാന് ഒന്നിനാണ് താല്‍മൂദ് അവതരിക്കപ്പെടുന്നത്. തൗറാത്ത് ആറാം തിയതിയിലും ഇഞ്ചീല്‍ പതിമൂന്നാം തിയതിയും വേദപ്പെരുമയായി കീര്‍ത്തിക്കപ്പെടുന്ന ഖുര്‍ആന്‍ ഇരുപത്തിനാലിനുമാണ് പ്രകാശിതമാകുന്നത്.
സത്യവിശ്വാസിയായ മുസല്‍മാന്റെ ജീവിതം രണ്ടു ഗ്രന്ഥങ്ങള്‍ക്കിടയിലാണ്. ഹിറാ ഗുഹയില്‍ നിന്നു ദൈവദൂതനായ ജിബ്രീല്‍ മുഹമ്മദിന്റെ മുന്നില്‍ നിവര്‍ത്തിക്കാട്ടിയ ഗ്രന്ഥം വായിച്ചുതുടങ്ങിയ വിശ്വാസിക്കു പരലോകത്തുനിന്നു മറ്റൊരു ഗ്രന്ഥം കൈവരുന്നു. വിശ്വാസിയുടെ സമഗ്ര ജീവിതരേഖയാണത്. ജിബ്രീല്‍ കാണിച്ച ഗ്രന്ഥത്തിലെ വരിഷ്ട വചനങ്ങള്‍ക്കനുസരിച്ച് ശ്രദ്ധാപൂര്‍വം ജീവിതം ചിട്ടപ്പെടുത്തിയാല്‍ സമാപന സന്ദര്‍ഭത്തില്‍ കൈവരുന്ന ഗ്രന്ഥം സകലാര്‍ഥത്തിലും നമ്മെ സംതൃപ്തരാക്കും.
സൃഷ്ടികളില്‍ ശ്രേഷ്ഠന് മനുഷ്യനാണ്. ഖുര്‍ആന്‍ വരച്ചുകാണിച്ചതുപോലെ റമദാനിലെ 30 നാളുകള്‍ കൊണ്ട് ഫുര്‍ഖാന്‍ എന്ന് ഞാന്‍ കരുതുന്ന ഖുര്‍ആന്‍ വ്രതനിഷ്ഠയോടെ വായിക്കണമെന്നു കരുതി. അങ്ങനെയൊന്നാരംഭിച്ചിട്ട് കാലം ഒരു വ്യാഴവെട്ടത്തിലേറെയായി.
ഞാനിന്ന് വിശ്വവിശ്രുത വേദഗ്രന്ഥങ്ങളെല്ലാം വ്രതവിശുദ്ധിയോടെ പരിചയപ്പെട്ടു. ബുദ്ധന്റെയും ക്രിസ്തുവിന്റെയും സുരാഷ്ട്രരുടെയും കണ്‍ഫ്യൂഷ്യസിന്റെയും വിശിഷ്ട വചനങ്ങള്‍ പരിചയപ്പെട്ടു. വെളിച്ചവും ഇരുളും തമ്മിലുള്ള സംഘട്ടനമാണു പ്രപഞ്ച ജീവിതമെന്നു ഞാനിന്നു മനസിലാക്കുന്നു. ആ വഴിയിലൂടെ, വിശ്വ ദാര്ശിനകനായ ഇമാം ഗസ്സാലി പറഞ്ഞതു പോലെ വ്രതാനുഷ്ഠാനത്തിന്റെ അകം പൊരുളറിഞ്ഞ് മനോവാക്കര്മങ്ങളിലധിഷ്ഠമായ, ത്രികരണ ബദ്ധമായ ഉപവാസത്തോടിഷ്ടം കൊള്ളുകയാണ്. ആചാരപരതയ്ക്കപ്പുറമാണു റമദാന് വ്രതത്തിന്റെ ഉള്ളടക്കം. ആസക്തിയെ വിജയിച്ച മനസിനു മാത്രമേ ജീവിത പ്രതിസന്ധികളെ നേരിടാന്‍ കഴിയൂ. ആസക്തികളെ ജയിച്ച വികാരാവേശങ്ങളെ അതിജയിച്ച മനസിനു മാത്രമേ ജീവിതത്തെ വിജയപഥത്തില്‍ ആനയിക്കാന്‍ കഴിയൂ. ഉപവസിക്കുക എന്നതിന്റെ അര്‍ഥം അടുത്തു കഴിയുക എന്നാണെങ്കില്‍ ദൈവത്തിന്റെ അടുത്തുകഴിയാനുള്ള ആത്മവിശുദ്ധി കൈവരിക്കാന്‍ റമദാന്‍കാല വിശേഷം നമ്മെ സഹായിക്കട്ടെ!