2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

റമദാന്‍ ഒരുക്കങ്ങള്‍ പൂര്‍ണവിജയം; പെരുന്നാള്‍ നിസ്‌കാരത്തോടെ തീര്‍ഥാടകര്‍ മക്കയില്‍നിന്നു വിടവാങ്ങി

വിതരണം ചെയ്തത് 20.000.000 ക്യുബിക് മീറ്റര്‍ വെള്ളം

 

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: വിശുദ്ധ റമദാന്‍ വിട പറഞ്ഞതോടെ പുണ്യ ഭൂമിയിലെത്തിയ ഉംറ തീര്‍ഥാടകര്‍ തിരിച്ചു പോക്ക് തുടങ്ങി. റമദാന്‍ അവസാന ദിനങ്ങളിലെ പ്രാര്‍ഥനയും മറ്റു കര്‍മ്മങ്ങളും ഹൃദയ കുളിര്‍മയായി ലഭിച്ച ചാരിതാര്‍ഥ്യത്തോടെയാണ് ഉംറ തീര്‍ഥാടകര്‍ മക്കയില്‍നിന്നു മടങ്ങാന്‍ തുടങ്ങിയത്.

റമദാനിലെ പുണ്യദിനരാത്രങ്ങള്‍ ഹറമില്‍ കഴിച്ചുകൂട്ടിയ ആത്മ നിര്‍വൃതിയുമായി റമദാന്‍ അവസാനത്തിലെ പുണ്യ രാത്രികള്‍ കഴിഞ്ഞയുടനെ തന്നെ തീര്‍ഥാടകര്‍ മടക്കയാത്ര തുടങ്ങിയിട്ടുണ്ട്.

അവശേഷിക്കുന്ന തീര്‍ഥാടകര്‍ പെരുന്നാളിന് ശേഷവും മടക്കയാത്ര തുടരുകയാണ്. ഇതോടെ മക്കയിലെ തിരക്കിന് അല്‍പം ആശ്വാസമാകും.
ശവ്വാല്‍ പകുതിയോടെ ഇരുഹറമുകളിലുമുള്ള തീര്‍ഥാടകര്‍ മടക്ക യാത്ര പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷത്തെ ഉംറ സീസണ് പരിസമാപ്തി കുറിക്കും.

അതേസമയം, വിശുദ്ധ റമദാനിലെ റമദാന്‍ പദ്ധതി വിജയകരമായി പര്യവസാനിച്ച ആശ്വാസത്തിലാണ് സഊദി ഹജ്ജ്, ഉംറ അധികൃതരും സുരക്ഷാ സേനയും. പതിവിന് വിപരീതമായി കൂടുതല്‍ സുരക്ഷാ സേനകള്‍ കയ്യടക്കിയ ഹറമും പരിസരവും യാതൊരു പാളിച്ചയുമില്ലാതെയാണ് ജനലക്ഷങ്ങള്‍ വിശുദ്ധ റമദാനില്‍ സമ്മേളിച്ചത്.

മക്കയിലും മദീനയിലും ഖത്മുല്‍ ഖുര്‍ആന്‍ രാവിലും പെരുന്നാള്‍ ദിനത്തിലും ജനലക്ഷങ്ങള്‍ പങ്കെടുത്തു. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ലബനീസ് പ്രധാന മന്ത്രി സഅദ് അല്‍ ഹരീരി, മക്ക ഗവര്‍ണര്‍ണര്‍, തീവവാദപ്രതിരോധ ഇസ്ലാമിക സഖ്യസേന കമാണ്ടര്‍ ജനറല്‍ റാഹീല്‍ ശരീഫ് ( പാകിസ്താന്‍), തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

മക്കയില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് റോയല്‍ കോര്‍ട്ട് ഉപദേശകനും ഇമാമുമായ ശൈഖ് സ്വാലിഹ് ബിന്‍ ഹുമൈദും മദീനയില്‍ പ്രവാചക പള്ളിയില്‍ ശൈഖ് ഡോ: അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് ഖാസിം എന്നിവരും നേതൃത്വം നല്‍കി.

ഇരു ഹറമുകളിലെ റമദാന്‍ ഓപറേഷന്‍ വിജയകരമായിരുന്നുവെന്ന് നാഷണല്‍ വാട്ടര്‍ കമ്പനിയും അറിയിച്ചു. റമദാനില്‍ 20.000.000 ക്യുബിക് മീറ്റര്‍ വെള്ളമാണ് വിതരണം ചെയ്തതെന്ന് സി ഇ ഒ എഞ്ചിനീയര്‍ മുഹമദ് ബിന്‍ അഹമദ് അല്‍ മുവൈകിലി അറിയിച്ചു. അവസാന പത്ത് ദിവസം മക്കയില്‍ ദിനേന 74000 ക്യുബിക് മീറ്റര്‍ വെള്ളമാണ് വിതരണം നടത്തിയത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.