
എടച്ചേരി: ‘വായിക്കുക, നിന്നെ സൃഷ്ടിച്ച നാഥന്റെ നാമധേയത്തില്‍’ എന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തന്റെ ആഴത്തിലുള്ള വായന തുടരുകയാണ് ശശികുമാര്‍ പുറമേരി. പുണ്യഗ്രന്ഥം അവതരിക്കപ്പെട്ട വിശുദ്ധ മാസമായ റമദാനില്‍ ഏറെ മനഃസാന്നിധ്യത്തോടെയാണ് അധ്യാപകന് കൂടിയായ ശശികുമാര്‍ ഖുര്‍ആന്‍ പഠനം നടത്തുന്നത്. മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ വലിയ താല്പര്യം കാണിക്കുന്ന ഇദ്ദേഹത്തിന്റെ വിശാലമായ ലൈബ്രറിയില്‍ വിശുദ്ധ ഖുര്‍ആനിന്റെ മൂന്ന് വ്യത്യസ്ത പരിഭാഷകളടക്കം മറ്റനേകം ഇസ്ലാമിക ഗ്രന്ഥങ്ങളുമുണ്ട്.
എല്ലാ മതങ്ങളുടെയും അന്തസത്തയെ കുറിച്ച് മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശശി മാഷ് ലൈബ്രറിയിലെ നിരവധി ശാസ്ത്ര-സാഹിത്യ ഗ്രന്ഥങ്ങള്‍ക്ക് പുറമെ മതഗ്രന്ഥങ്ങളും വാങ്ങി സൂക്ഷിക്കുന്നത്. ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളുടെയും പരിഭാഷ ഇതിനകം വായിച്ചു തീര്‍ത്ത ഇദ്ദേഹം ഇപ്പോള്‍ അറബിയില്‍ തന്നെ ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിക്കാനുള്ള ശ്രമം നടത്തിവരികയാണ്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്യാറുള്ള ഇദ്ദേഹം പലപ്പോഴും തന്റെ പ്രഭാഷണങ്ങളില്‍ ഖുര്‍ആനിലെ വരികള്‍ ഉദ്ധരിക്കാറുമുണ്ട്. വിശുദ്ധ ഗ്രന്ഥത്തില്‍ ‘വീട് ‘ എന്ന വാക്കിനുപയോഗിച്ച മന്‍സില്‍, മസ്കന്, ബൈത്ത് എന്നീ വാക്കുകളുടെ സാങ്കേതിക അര്‍ഥത്തിലൂടെ വീടിനെയും കുടുംബത്തെയും കുറിച്ച് വിവരിക്കുമ്പോള്‍ രക്ഷിതാക്കളില്‍ കുടുംബ ജീവിതത്തിന്റെ മഹത്വങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കാന്‍ സഹായകമാകാറുണ്ട്. ഖുര്‍ആന്‍ വായനയെക്കുറിച്ച് ചോദിച്ചപ്പോള്‍ മാഷ് പ്രതികരിച്ചത് ഇങ്ങനെ.’ എന്നെ ഏറെ സ്വാധീനിച്ച മതഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്റെ മൂന്നു വ്യത്യസ്ത പരിഭാഷകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഖുര്‍ആനിലെ സൂക്തങ്ങളോരോന്നും അനവദ്യ സുന്ദരവും ആലോചനാമൃതവുമാണ് ‘.
പുറമേരി സ്വദേശിയാണെങ്കിലും വടകര നാരായണ നഗറിനടുത്ത് കണ്ണങ്കുഴിയിലെ ‘പാര്വണത്തിലാണ് താമസം. മാഷിന്റെ വായനയെക്കുറിച്ച് ഭാര്യ ഷീലയ്ക്കും ഏറെ പറയാനുണ്ട്. മാഷ് കുടുംബത്തേക്കാള്‍ ബന്ധം പുലര്‍ത്തിയത് പുസ്തകങ്ങളോടാണെന്ന് ഭാര്യ പറയുന്നു. ‘ഒരു ഓണക്കാലത്ത് വീട്ടില്‍ വാഷിങ് മെഷീന് വാങ്ങണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചു. അന്നൊരു നാള് ഒരു വാഹനത്തില്‍ മാഷ് വീട്ടുമുറ്റത്തെത്തി. വലിയൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിയുമുണ്ടായിരുന്നു അതില്‍. താന്‍ കൊതിച്ച വാഷിങ് മെഷീന് കാണാനുള്ള ആവേശത്തില്‍ ഞാനും മക്കളും മുറ്റത്തേക്കോടി. രണ്ടുപേര്‍ ചേര്‍ന്ന് പെട്ടി വരാന്തയില്‍ വച്ചു. തുറന്നപ്പോഴാണ് മനസിലായത് വാഷിങ് മെഷീന് പകരം പെട്ടി നിറയെ അടുക്കിവച്ച പുത്തന്‍ പുസ്തകങ്ങളാണെന്ന്.