
തൊടുപുഴ: വരവും ചെലവും തമ്മിലുള്ള അന്തരം കുതിച്ചുയര്‍ന്നതോടെ റബര്‍ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. ഉല്പാദനച്ചെലവുമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ കഴിയാതെ വന്നിരിക്കുകയാണ്. റബ്ബര്‍ വ്യവസായികളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് കര്‍ഷകരുടെ നടുവൊടിച്ചത്. പ്രധാന വരുമാന മാര്‍ഗമായ റബര്‍ ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് ചേക്കേറുന്നവര്‍ നിരവധി.റബര്‍ വില കുതിച്ച കാലത്ത് മരത്തില്‍ പ്ലാസ്റ്റികും ഷെയ്ഡുമെല്ലാം ഇട്ട് മഴക്കാലത്തും ടാപ്പിങ്ങ് സജീവമായിരുന്നു. ഒരു മരത്തിന് ശരാശരി ഈ പ്രവൃത്തിക്ക് 60രൂപയ്ക്ക് മുകളില്‍ ചെലവ് വരുമെങ്കിലും ഒറ്റ ദിവസം പോലും ടാപ്പിങ്ങ് മുടക്കാന്‍ കര്‍ഷകര്‍ തയാറായില്ല. വില ഇടിഞ്ഞതോടെ കഥ മാറി.
ഭൂരിപക്ഷം തോട്ടങ്ങളിലും ഇന്ന് ടാപ്പിങ് നടത്തുന്നില്ല. കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങള്‍ നിരവധി.വന്‍കിട വ്യവസായികളെ സഹായിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഇറക്കുമതി നയം റബ്ബര്‍ കര്കരെയും കുത്തുപാളയെടുപ്പിക്കുന്നു. നഷ്ടത്തിലേക്കുള്ള കണക്കുകള്‍ കര്‍ഷകര്‍ നിരത്തുന്നത് ഇങ്ങനെ. ഒരേക്കര്‍ ഭൂമിയില്‍ 225 തൈകള്‍ വരെ നടാം. രണ്ടര അടി വിസ്തൃതിയുള്ള കുഴിയെടുക്കാന്‍ 30രൂപയാണ്് കൂലി. തൈ നട്ട് കുഴി മൂടാന്‍ 20 രൂപയും. മുമ്പ് ‘105’ ഇനത്തില്‍പ്പെടുന്ന മരങ്ങളാണ് കൃഷിചെയ്തിരുന്നത്. ഇപ്പോര്‍ പ്രാബല്യത്തിലുള്ളത് ‘415’, ‘430’ തുടങ്ങിയ ഇനങ്ങള്‍. ‘105’ ഇനത്തിന് ് അഴുകല്‍ രോഗം കൂടുതലുള്ളതിനാല്‍ 15 ശതമാനം തൈകളും നശിച്ചുപോകും. ‘430’ന് ആദ്യവര്‍ഷം വളംപ്രയോഗം ആവശ്യമില്ല. പെട്ടെന്ന് വളരുന്ന ഈ ഇനത്തില്‍പ്പെടുന്ന മരങ്ങള്‍ ഒടിഞ്ഞുപോകുന്നതായി കാണുന്നുണ്ട്. ഒരു തൈക്ക് 55മുതല്‍ 60രൂപവരെയാണ് വില. ഒരു മരത്തില്‍നിന്ന് 25വര്‍ഷംവരെ ആദായമെടുക്കാം. സ്വന്തമായാണ് ടാപ്പുചെയ്യുന്നതെങ്കില്‍ 30ഉം 40ഉം വര്‍ഷങ്ങള്‍വരെ ഉല്പാദനമുണ്ടാകവും. യൂറിയ, പൊട്ടാഷ് എന്നീ വളങ്ങളാണ് സാധാരണ റബ്ബറിന് ഇടുന്നത്. ഒരേക്കര്‍ സ്ഥലത്ത് രണ്ട് ചാക്ക് വളം ഇടേണ്ടിവരും. വളത്തിന് മാത്രം നാലായിരത്തോളം രൂപ വേണ്ടിവരും. കൂലി ഇതിനു പുറമേയും.