2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

റബര്‍ കൃഷിയോട് വിട: ഭാസ്‌കരന്റെ കൃഷിയിടത്തില്‍ വിളയുന്നത് ഔഷധ സസ്യങ്ങളും നാടന്‍ പച്ചക്കറികളും

 

നീലേശ്വരം: റബര്‍ കൃഷിയോട് വിട പറഞ്ഞ് തന്റെ രണ്ടേക്കറോളം വരുന്ന കൃഷിയിടത്തില്‍ കാര്‍ഷിക വിളകള്‍ മാത്രമല്ല 54 ഇനം ഔഷധസസ്യങ്ങളും വിളയിച്ച് വ്യത്യസ്തനാവുകയാണ് പയ്യം കുളത്തെ ഭാസ്‌കരന്‍. തന്റെ രണ്ടേക്കറോളം വരുന്ന സ്ഥലത്തെ റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയാണ് ഭാസ്‌കരന്‍ കൃഷിയിടത്തില്‍ ഔഷധ സസ്യങ്ങള്‍ വച്ചു പിടിപ്പിച്ചത്.
കുറുന്തോട്ടി, ശതാവരി കിഴങ്ങ്, നിലപ്പന, ചിറ്റമൃത്, ആവണക്ക്, കറ്റാര്‍ വാഴ, ഇലഞ്ഞി, വേപ്പ്, ആടലോടകം, ലക്ഷമീതരു തുടങ്ങി പലതരം ഔഷധ സസ്യങ്ങള്‍ തോട്ടത്തില്‍ ഉണ്ട്. ഇതിനു പുറമേ നേന്ത്രവാഴ അടക്കം പത്തോളം വാഴകളും കൃഷിയിടത്തില്‍ ഉണ്ട്.
ചേന, ചേമ്പ്, കാച്ചില്‍, ചെറുവള്ളി കിഴങ്ങ്, മധുര കിഴങ്ങ്, കപ്പ, കൂട്ടുകറി ചേമ്പ്, കൂവക്കിഴങ്ങ്, മണ്ണിനു മേലെയുള്ള ചേമ്പ് എന്നീ ഇനത്തില്‍ പെട്ട കിഴങ്ങ് വര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഒന്നിനും രാസവളങ്ങള്‍ ചേര്‍ക്കാതെ ചാണകം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്തു പോരുന്നത്. അതുകൊണ്ടു തന്നെ ഭാസ്‌കരന്റെ ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റുമുണ്ട്. ചാണകത്തിനു വേണ്ടി മൂന്ന് കുള്ളന്‍ പശുക്കളെയും പോറ്റുന്നുണ്ട്.
കുഴല്‍ക്കിണര്‍ കുഴിക്കാന്‍ താല്‍പര്യമില്ലാത്ത ഭാസ്‌കരന്‍ നാടന്‍ കിണര്‍ കുഴിച്ചപ്പോള്‍ തന്നെ വെള്ളം ധാരാളം ലഭിച്ചതിനാല്‍ പിന്നീട് കിണറിനെ കുളമായി മാറ്റുകയായിരുന്നു. വേനല്‍ എത്ര കടുത്താലും ഈ കുളത്തില്‍ വെള്ളം വറ്റാറില്ലത്രെ. അരി ഒഴികെ പച്ചക്കറി ഇനത്തില്‍ ഒന്നും തന്നെ ഈ കര്‍ഷകന്‍ പുറത്തുനിന്ന് വാങ്ങാറില്ല.
പറമ്പില്‍ ഒരു എരിഞ്ഞിമരം നട്ടാണ് ഭാസ്‌കരന്‍ തന്റെ അറുപത്തിയാറാം പിറന്നാളാഘോഷിച്ചത്. പതിനാലാം വയസില്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട ഭാസ്‌കരന്‍ ഇത് ഇനിയും തുടര്‍ന്ന് പോവാനാണ് താല്‍പര്യം. ഇതിനു പ്രോത്സാഹനമായി ഭാര്യ നാരായണിയും ഒപ്പമുണ്ട്. റബര്‍ വച്ചതാണ് മലയോരത്തിന്റെ കാര്‍ഷികവിളകള്‍ നശിക്കാനും ഒരു പരിധി വരെ മലയോരത്തെ ജലക്ഷാമത്തിനും കാരണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.