2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

റഫറി ഫഹദ് അല്‍ മിര്‍ദാസിക്ക് ആജീവനാന്ത വിലക്ക്; ലോകകപ്പ് നഷ്ടമായേക്കും

റിയാദ്: കോഴ ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ റഫറി ഫഹദ് അല്‍ മിര്‍ദാസിക്ക് കളിക്കളത്തില്‍ നിന്ന് ആ ജീവനാന്ത വിലക്ക്. സഊദി ഫുടബോള്‍ മൈതാനത്തെ മികച്ച റഫറിയും ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങളിലെ റഫറിയുമായി ഫിഫ തിരഞ്ഞെടുത്ത റഫറിമാരില്‍ ഒരാളുമായ മിര്‍ദാസിയുടെ വിലക്ക് ലോകകപ്പില്‍ നിന്നും അദ്ദേഹത്തെ അകറ്റി നിര്‍ത്തുമെന്നാതാണ് കരുതുന്നത്. കോഴ ആരോപണത്തെ തുടര്‍ന്ന് സഊദി ഫെഡറേഷന്‍ ആണ് ആ ജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. സഊദി കിംഗ് ഫൈസല്‍ മത്സരം നടക്കാനിരിക്കെയാണ് പൊടുന്നനെ അന്വേഷണം പ്രഖ്യാപിച്ചു നീക്കം ചെയ്തു വിലക്കേര്‍പ്പെടുത്തിയത്.
കളിയുമായി ബന്ധപ്പെട്ടു റഫറി രണ്ടു തവണ തന്നെ വിളിച്ചുവെന്നും കള്ളക്കളികള്‍ക്കായി പ്രേരിപ്പിച്ചുവെന്നും തെളിവടക്കം അല്‍ ഇത്തിഹാദ് ക്ലബ്ബ് പ്രസിഡന്റ് ഫോണ്‍ സംഭാഷണ തെളിവുകള്‍ സഹിതം പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായിരുന്നു മിര്‍ദാസി.
കഴഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പ് ലൂസേഴ്‌സ് ഫൈനലും ഒളിപിംപിക്‌സ് മത്സരങ്ങളും അണ്ടര്‍ 20 ലോകകപ്പ് ഫൈനലുമുള്‍പ്പെടെ നിരവധി പ്രധാന മത്സരങ്ങള്‍ നിയന്ത്രിച്ചു ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് മിര്‍ദാസി. 2011 മുതല്‍ ഫിഫ പട്ടികയില്‍ ഇടം നേടിയ ഇദ്ദേഹത്തിനെതിരേ നടപടികള്‍ കൈകൊണ്ടതിന്റെ ഭാഗമായി മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ സാന്നിധ്യത്തിലായിരുന്നു കിംഗ് ഫൈസല്‍ കപ്പ് മത്സരം അരങ്ങേറിയത്. നടപടി കൈകൊണ്ടതിനെ തുടര്‍ന്ന് ഇംഗഌഷുകാരന്‍ മാര്‍ക്ക് കഌട്ടാണ് കളി നിയന്ത്രിച്ചിരുന്നത്. 32 കാരനായ മിര്‍ദാസിക്കെതിരേ ആഗോള വിലക്കേര്‍പ്പെടുത്താന്‍ ഫെഡറേഷന്‍ ഫിഫയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.