2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

രൂപ തളരുമ്പോള്‍ ഗള്‍ഫിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ വന്‍ തിരക്ക്

നിസാര്‍ കലയത്ത്

ജിദ്ദ: രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമ്പാള്‍ ഓരോ ദിവസവും റെക്കോഡ് സ്ഥാപിച്ച് ഗള്‍ഫ് കറന്‍സികള്‍. റിയാലിന്റെ രൂപയുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ മുന്നേറ്റം തുടരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വന്‍ തിരക്ക്. രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാഹചര്യം നിലനില്‍ക്കെ, ഗള്‍ഫ് കറന്‍സികള്‍ക്ക് മികച്ച വിനിമയ മൂല്യമാണിപ്പോള്‍ ലഭിക്കുന്നത്.

മാസത്തിലെ ആദ്യ വാരം എക്‌സ്‌ചേഞ്ചുകളില്‍ സ്വാഭാവികമായി ഉണ്ടാവാറുള്ളതിന്റെ ഇരട്ടിയാണ് ഇക്കുറി തിരക്ക് അനുഭവപ്പെടുന്നതെന്ന് പ്രമുഖ മണി എക്‌സ്‌ചേഞ്ച് ജീവനക്കാര്‍ അറിയിച്ചു. പലരും പണം കടം വാങ്ങിയും നാട്ടിലേക്ക് അയക്കുന്നുണ്ട്. ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ രൂപക്ക് ഇടിവ് രേഖപ്പെടുത്തി വരുന്നതിനാല്‍ പലരും നല്ല നിരക്കിനായി കാത്തു നില്‍ക്കുകയായിരുന്നു. മികച്ച മൂല്യം ലഭിച്ചതോടെ രാവിലെ മുതല്‍ ഇന്ത്യന്‍ പ്രവാസികളുടെ നീണ്ട നിരയായിരുന്നു ഓരോ എക്‌സ്‌ചേഞ്ച് ശാഖകള്‍ക്കു മുന്നിലും.

സഊദി റിയാലിന് 19.08 രൂപ മൂല്യമുണ്ടായി. യു.എ.ഇ ദിര്‍ഹത്തിന് ഇന്നലെ 19.50 രൂപ വരെ ലഭിച്ചിട്ടുണ്ട്. കുവൈത്തി ദിനാറിന് 236 രൂപ മൂല്യമുണ്ട്. ഒമാന്‍ റിയാലിന് 185.35 രൂപ ലഭിച്ചു. ഖത്തര്‍ റിയാലിന് 19.47 ആണ് എക്‌സ്‌ചേഞ്ചുകളില്‍ ലഭിച്ച ഏറ്റവും കുറഞ്ഞ മൂല്യം. ബഹ്‌റൈന്‍ ദിനാറിന് 188 ആണ് മൂല്യം.

ഇന്ത്യന്‍ രൂപയുടെ വില ഇടിയുന്നത് വിഷമം തന്നെയാണെങ്കിലും നാട്ടില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തില്‍ അനുഗ്രഹമായാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണമെത്തിക്കാനുള്ള അവസരമായും പലരും സന്ദര്‍ഭം പ്രയോജനപ്പെടുത്തി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.