
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. ഇന്ന് കേരളത്തിലെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കടുത്ത പനി മൂലം രണ്ടുദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് ഇന്നത്തെ പരിപാടികള്‍ റദ്ദാക്കിയതെന്ന് കെ.പി.സി.സി അറിയിച്ചു.
തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികള്‍ നേരത്തേ മാറ്റിവച്ചിരുന്നു. വിശ്രമത്തിനുശേഷം നേരത്തേ പ്രഖ്യാപിച്ച പ്രകാരം തമിഴ്നാട്ടിലെ പരിപാടികളില്‍ പങ്കെടുത്തശേഷമാണ് രാഹുല്‍ കേരളത്തിലെത്തുക.
എന്നാല്‍, വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിപാടികള്‍ മാറ്റിവച്ചതെന്ന്്് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്നലെ പുതുച്ചേരിയിലെ കാരക്കലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പങ്കെടുക്കേണ്ടതായിരുന്നു. പുതുച്ചേരിയിലെത്തിയാല്‍ രാഹുലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് കഴിഞ്ഞദിവസം പുതുച്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി. നാരായണസ്വാമിക്കു ലഭിച്ചിരുന്നു. പുതുച്ചേരിയില്‍ വ്യവസായശാലകള്‍ പൂട്ടാനിടയാക്കിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനായതിനാല്‍ രാഹുലിനെ ബോംബ് സ്ഫോടനത്തില്‍ വധിക്കുമെന്നായിരുന്നു കത്തിലെ ഭീഷണി. പുതുച്ചേരിയിലെ പരിപാടി കഴിഞ്ഞ് രാഹുല്‍ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍ പുതുച്ചേരിയിലെ പരിപാടി റദ്ദാക്കുകയായിരുന്നു.
ഭീഷണിക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ കണ്ട്് അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനേത്തുടര്‍ന്ന് രാഹുലിനുള്ള സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാന്‍ രാജ്നാഥ് സിങ് നിര്‍ദേശംനല്‍കിയിരുന്നു.